കൊച്ചി:പള്ളുരുത്തിയിൽ നടന്ന കൊലപാതകം പ്രതികാരക്കൊല തന്നെയെന്ന് സമ്മതിച്ച് പ്രതി ജയൻ. 61കാരിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് പിടിയിലായ ജയൻ കുറ്റം സമ്മതിച്ചിരിക്കുന്നത്. പ്രതിയെ തോപ്പുംപടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ജയൻ കുറ്റം സമ്മതിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ജയൻ മാത്രമാണ് പ്രതി. മറ്റാർക്കും കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കിലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പള്ളുരുത്തി വ്യാസപുരം കോളനിയിൽ സരസ്വതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാട്ടുകാരനായ ജയനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ട് തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ ജയനെ പൊലീസ് ഹാജരാക്കി. പതിനാല് ദിവസത്തേക്ക് ജയനെ കോടതി റിമാൻഡ് ചെയ്തു.ചോദ്യം ചെയ്യല്ലിൽ ജയൻ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ മദ്യലഹരിയിലാണ് ജയനെ പൊലീസ് പിടികൂടിയത്. അതിനാൽ കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്നും ശേഖരിക്കാൻ സാധിച്ചില്ല. ഇന്ന് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജയൻ പൊലീസിനോട് പറഞ്ഞു. 2014ൽ തൻറെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മധുവിന് രക്ഷിതാക്കളായ ധർമ്മരാജനും സരസ്വതിയും ഇപ്പോഴും നിയമസഹായം നൽകുന്നതിൽ ജയന് വൈരാഗ്യമുണ്ടായിരുന്നു. മുമ്പ് ഒരു തവണ ഭീഷണിപ്പെടുത്തിയിട്ടും മധുവിൻറെ മാതാപിതാക്കൾ മകനെ സഹായിക്കുന്നതിൽ നിന്നും പിന്നോട്ട് പോയില്ല. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.