ന്യൂജേഴ്സി: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.
മാർച്ച് 25 – ന് ഞായറാഴ്ച രാവിലെ 9.30 -ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്സ് നേതൃത്വം നൽകി .
കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എന്നിവയ്ക്കുശേഷം ക്രിസ്തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിപ്പിച്ച് കുരുത്തോലകളും കൈയ്യിലേന്തി “ഓശാനാ…ഓശാനാ…ദാവീദാത്മജനോശാനാ…’ എന്ന പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട് ഇടവകാംഗങ്ങൾ ദേവാലയാങ്കണത്തിലൂടെ പ്രദക്ഷിണം നടത്തുകയും,തുടര്‍ന്നു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്തു.
ദിവ്യബലി മധ്യേ വിശുദ്ധ മത്തായിയുടെ സുവിശേഷം 21 അദ്ധ്യായത്തിലെ ഒന്ന് മുതൽ പതിനേഴുവരെയുള്ള തിരുവചനകളെ ഉദ്ധരിച്ചു സന്ദേശം നൽകി.
ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ദേവാലയത്തിൽ നടന്നു വന്ന ഇടവക വാർഷിക ധ്യാനത്തിൽ പങ്കെടുത്ത എല്ലാ ഇടവകങ്ങങ്ങൾക്കും, ധ്യാനത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ച് നല്ല ധ്യാന ചിന്തകളിലൂടെ ഇടയ ജനതയെ നയിച്ച ബഹു. ഫാ. ദേവസിയ കാനാട്ട് അച്ചനും, കുട്ടികൾക്ക് ധ്യാനം നടത്തിയ അലക്സ് ഗോട്ടി ജൂനിയർ, ഫ്രസ്സാട്ടി ഫെല്ലോഷിപ് ടീം എന്നിവർക്കും, മറ്റെല്ലാ വോളണ്ടിയേഴ്‌സുമാർക്കും ഇടവകയുടെ പേരിലുന്ന നന്ദി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്സ് അറിയിച്ചു.
വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്‌മരണകളുണർത്തുന്ന പെസഹ തിരുകര്‍മ്മങ്ങള്‍ മാർച്ച് 29 – ന് വൈകിട്ട് 7.30-ന് ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും.
കുരിശുമരണത്തിന്റെ സ്‌മരണകൾ പേറുന്ന ദുഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ മാർച്ച് 30 -ന് വൈകിട്ട് മൂന്നുമണിക്ക് ആരംഭിക്കും. തിരുക്കർമ്മങ്ങൾക്ക് ബഹുമാനപ്പെട്ട ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്സ് നേതൃത്വം നൽകും. ആഘോഷമായ കുരിശിന്റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്ക്കുശേഷം കൈയ്പ് നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും.
മാർച്ച് 31- ന് ദുഖശനിയാഴ്ച 9 മണിക്ക് പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും.
ഉത്ഥാനത്തിന്റെ ആഹ്ലാദമുണർത്തുന്ന ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ വൈകിട്ട് 7.30-ന് ആരംഭിക്കും.
വിശുദ്ധ വാരാചരണത്തിൽ നടക്കുന്ന എല്ലാ പ്രാർത്ഥനാ ശുസ്രൂഷകളിലും എല്ലാ ഇടവകാംഗങ്ങളും ഭക്തിപൂർവ്വം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാൻ വികാരി ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.