ഡമ്മി ആനകളെ ഉപയോഗിച്ച് തൃശൂര്‍പൂരം നടത്തണമെന്ന് കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട അമേരിക്കന്‍ പ്ലേബോയ് മോഡല്‍ പമേല ആന്‍ഡേഴ്‌സന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ സ്ഥിരം ‘ഫേസ്ബുക്ക് പൊങ്കാല’.

ആനകളെ എഴുന്നള്ളിക്കുന്നത് മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഞങ്ങളുടെ അവകാശമാണെന്നും അവര്‍ വാദിച്ചു. ‘ഒരു തവണ വന്ന് പൂരം കണ്ടു നോക്കൂ, നിങ്ങള്‍ പിന്നെ ഇങ്ങനെ പറയില്ല’ ചിലര്‍ അഭിപ്രായപ്പെട്ടു. ‘നിങ്ങ ആദ്യം പോയി ജുറാസിക് പാര്‍ക്കില്‍ അടച്ചിട്ടിരിക്കുന്ന പാവം ദിനോസറുകളുടെ കാര്യത്തില്‍ ഓരു തീരുമാനം ഉണ്ടാക്ക്. പിന്നെ ചേച്ചി പറഞ്ഞല്ലോ, കൃത്രിമ ആനകളെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന്. സ്വന്തമായി ഇത്തിരി തുണി വാങ്ങാന്‍ വകയില്ലാത്ത ചേച്ചി എങ്ങനെ ഇത് നടപ്പിലാക്കും ??? സോളാര്‍ കേസ് പോലെയാവുംട്ടാ !!! വെറുതെ വേലിമെ കെടക്കണ പാമ്പിനെ തൊടാന്‍ നിക്കണ്ട…’ ഒരു തൃശൂര്‍ക്കാരന്റെ പ്രതികരണം ഇങ്ങനെ. ഇവരൊക്കെ മാന്യമായി പ്രതികരിച്ചപ്പോള്‍, വലിയൊരു വിഭാഗം അസ്ലീല സന്ദേശങ്ങളാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ അന്യഭാഷയിലുള്ള സന്ദേശങ്ങളെല്ലാം ഉടന്‍തന്നെ പേജില്‍ നിന്നും നീക്കുകയും ചെയ്തു.

Loading...

pamela
അപൂര്‍വം ചിലര്‍ പമീലയുടെ ആവശ്യത്തെ പിന്തുണച്ചും രംഗത്തുവന്നു. ‘തൃശൂര്‍പൂരം സംസ്കാരത്തിന്റെ ഭാഗമാണ്, എന്നാല്‍ ആനകള്‍ക്കും സ്വാതന്ത്രം വേണം’, അവര്‍ പറയുന്നു. ഹോളിവുഡ് താരത്തിന്റെ അപേക്ഷ മുഖ്യമന്ത്രിയും തള്ളി. നിയമപരമായാണ് ഈ ആഘോഷങ്ങളെല്ലാം നടത്തിവരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ആനകളെ നിയമപരമായുള്ള സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പമേലയുടെ ആവശ്യത്തെ വരുംകാലത്ത് ചര്‍ച്ചയ്ക്ക് വയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിനെതിനെതിരെ ഹോളിവുഡ് താരം പമേലാ ആന്‍ഡേഴ്സന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇ-മെയില്‍ അയച്ചത്. ജീവനുള്ള ആനകള്‍ക്ക് പകരം ആനകളുടെ യഥാര്‍ത്ഥ വലുപ്പത്തില്‍ പേപ്പര്‍ പള്‍പ്പ് ഉപയോഗിച്ച് ആനകളെ നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശവും പമേലാ ആന്‍ഡേഴ്സന്‍ മുന്നോട്ട് വച്ചിരുന്നു. നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ അതിനുള്ള ചെലവ് വഹിക്കാമെന്നും താരം വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പീറ്റ) എന്ന സംഘടനയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ  പമേല ഉമ്മന്‍ ചാണ്ടിയ്ക്ക് ഇ-മെയില്‍ അയച്ചത്.

” ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഏപ്രില്‍ 29 ന് നടക്കുന്ന പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ ഇന്ത്യന്‍ മൃഗ ക്ഷേമ വകുപ്പ് കേരളത്തിലെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കാര്യം ആനകളുടെ ക്ഷേമം എന്നും എന്റെ ഉള്ളിന്റെ ഉള്ളിലുള്ളത് അറിയാവുന്നതുകൊണ്ട് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യയിലെ(PETA) എന്റെ സുഹൃത്തുക്കള്‍ എന്നെ അറിയിച്ചു. (രജിസ്റ്റേഡ് ആനകളെ ആണ് ഉപയോഗിക്കുന്നതെന്നും, വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീകരണം)  മൃഗക്ഷേമ വകുപ്പിന്റെ തീരുമാനത്തെ ഞാന്‍ സര്‍വാത്മനാ പിന്തുണയ്ക്കുന്നു.  മനുഷ്യത്വം പ്രകടിപ്പിക്കാനുള്ള ശ്ലാഘനീയമായ അവസരത്തിനുള്ള എല്ലാ വിധ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും പറഞ്ഞു കൊണ്ടാണ് പമേല കത്ത് തുടങ്ങുന്നത്.

ആയുധങ്ങളിലോ ചങ്ങലകളിലോ കഴിയുന്ന ആനകളെ കണ്ടുള്ള ദു:ഖത്തില്‍  ആളുകള്‍ ഒരു ഒഴിവു ദിനം നാശമാകാതിരിക്കട്ടെയെന്നും പമേല പറയുന്നു. പീഡനങ്ങളോട് ആനകള്‍ പ്രതികരിക്കുന്നതിന്റെ ഫലമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ 500 പേര്‍ കേരളത്തില്‍ കൊല്ലപ്പെട്ട കാര്യവും പമേല കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.  ഒരു ദിവസം കേരളം കാണാനായി താന്‍ എത്തുമെന്നും പമേല കത്തില്‍ പറയുന്നു.