ഇന്ത്യയിൽ പാൻ കാർഡ് നിർബന്ധമാക്കിയപ്പോൾ മിക്കവരും പാൻ കാർഡ് എടുത്തു. എന്നാൽ പാൻ കാർഡിൽ വന്ന തെറ്റുകൾ എങ്ങനെ തിരുത്താം എന്നതിനെ കുറിച്ച് പലർക്കും ഇന്നും അറിവില്ല.

പാൻ കാർഡിൽ നമ്മുടെ പേര്, അച്ഛന്റെ പേര്, ജനന തീയതി, മേൽവിലാസം തുടങ്ങിയവയിൽ വന്ന തെറ്റുകൾ തിരുത്താൻ സമയം കളയേണ്ടിവരും എന്നതിനാലാണ് പലരും അതിനു പിന്നാലെ പോകാൻ മടിക്കുന്നത്. കുറച്ചു സമയം മതി പാൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിന്.ആദായ നികുതി വകുപ്പ്, പാൻ കാർഡ് നൽകുന്നതിനായി എൻ.എസ്.ഡി.എൽ. (നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്), യു.ടി.ഐ. ഐ.ടി.എസ്.എൽ. (യു.ടി.ഐ. ഇൻഫ്രാസ്ട്രക്ചർ ടെക്‌നോളജി ആൻഡ് സർവീസ് ലിമിറ്റഡ്) എന്നിവർക്കാണ് അനുമതി നൽകിയിട്ടുള്ളത്.

Loading...

ഈ ഏജൻസികളിലേക്ക് അപേക്ഷകർക്ക് ഓൺലൈൻ മുഖാന്തരമോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ വഴി തെറ്റ് തിരുത്തുന്നവർക്ക് എൻ.എസ്.ഡി.എല്ലിന്റെ https://tin.tin.nsdl.com/pan/index.html എന്ന ലിങ്ക് വഴിയോ യു.ടി.ഐ.യുടെ http://www.myutiitsl.com/PANONLINE/ എന്ന ലിങ്ക് വഴിയോ അപേക്ഷിക്കാം.അപേക്ഷകർ ആദ്യം ചെയ്യേണ്ടത് പാൻ കാർഡ് നമ്പർ, പേര്, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ശരിയായി പൂരിപ്പിക്കുക.

വിവരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ അടുത്തത്, പുതിയ കാർഡിനായുള്ള പണം അടയ്ക്കുകയാണ്. 107 രൂപയാണ് അടയ്‌ക്കേണ്ടത്. ഡിമാൻഡ് ഡ്രാഫ്റ്റ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണം അടയ്ക്കാം.അപേക്ഷയോടൊപ്പം 3.5 സെ.മീ. x 2.5 സെ.മീ. വലിപ്പതിൽ രണ്ട് ഫോട്ടോകൾ വേണം. ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് വെള്ള നിറത്തിലാകണം.

ഒപ്പും അപ്ലോഡ് ചെയ്യണം. വിരലടയാളം ഉപയോഗിക്കുന്നെങ്കിൽ മജിസ്‌ട്രേട്ട്, നോട്ടറി, ഗസറ്റഡ് ഓഫീസർ എന്നിവരിൽ ആരുടെയെങ്കിലും സീൽ, സ്റ്റാമ്പ് നിർബന്ധമാണ്. തെറ്റ് തിരുത്താനുള്ള അപേക്ഷ നേരിട്ട് സമർപ്പിക്കുമ്പോൾ അതത് ജില്ലകളിലെ യു.ടി.ഐ.യുടേയോ എൻ.എസ്.ഡി.എല്ലിന്റെയോ ഓഫീസിലാണ് നൽകേണ്ടത്.

അപേക്ഷയോടൊപ്പം പണം നേരിട്ടോ, ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് മുഖാന്തരമോ നൽകാം. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു മാസമെടുക്കും പുതിയ കാർഡ് ലഭിക്കാൻ.വിദേശത്താണ് അപേക്ഷകന്റെ മേൽവിലാസമെങ്കിൽ മുംബൈ ഓഫീസ് മുഖാന്തരം ക്രെഡിറ്റ്/ഡെബിറ്റ്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ വഴി പണമിടപാട് നടത്താം. ഇന്ത്യക്ക് പുറത്തുള്ളവർക്ക് 989 രൂപയാണ് അടയ്‌ക്കേണ്ടത്.