കൊച്ചി: പറവൂർ പീഡനക്കേസിലെ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ അയൂബ്, പ്രതികള്‍, ഏജെന്റുമാര്‍ എന്നിവരില്‍ നിന്ന് കോടിക്കണക്കിനു രൂപ കേസ് അട്ടിമറിക്കാൻ ആവശ്യപ്പെട്ടു. അസിസ്‌റ്റന്റ് പ്രോസിക്യൂട്ടറായി നിയമിച്ച അയൂബ് കോടികൾ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പിടിച്ചെടുത്തത് . കേസിലെ പ്രതികൾ, പെൺകുട്ടിയെ പലർക്കും കാഴ്‌ചവച്ച ഏജന്റുമാർ എന്നിവരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതോടെ അയൂബിനെ പുറത്താക്കിയതായി കാണിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻ മേനോൻ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിട്ടുണ്ട്.

കേസ് അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെ വൻ കോഴ വാങ്ങുന്നതായി ആരോപണം ഉയർന്നതോടെ ക്രൈംബ്രാഞ്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് അയൂബ് കുടുങ്ങിയത്. പെൺകുട്ടിയെ പലർക്കും കാഴ്‌ചവച്ച ഏജന്റുമാരുമായി സംസാരിച്ച് കേസിൽ ഉൾപ്പെടാത്ത പ്രതികളിൽ നിന്ന് പണം തട്ടാനാണ് പ്രധാനമായും അയൂബ് ശ്രമിച്ചത്. അറസ്‌റ്റിലായ ചില പ്രതികളെ വിചാരണ വേളയിൽ രക്ഷപ്പെടുത്താമെന്നും വാഗ്‌ദാനം ചെയ്‌തു. കേസ് അന്വേഷിക്കുന്ന എസ്.പിയും ഡിവൈ.എസ്.പിയും തന്റെ ആളുകളാണെന്ന് ബോദ്ധ്യപ്പെടുത്തിയാണ് പലരിൽ നിന്നും കോഴ വാങ്ങാൻ ശ്രമിച്ചത്. അന്വേഷണസംഘത്തിന്റെ സംശയനിഴലിലായതോടെ അയൂബിന്റെ ഫോൺ സംഭാഷണങ്ങൾ ചോർത്തി. ഇതിൽ നിരവധി പേരോട് കോടികൾ ആവശ്യപ്പെടുന്നുണ്ട്. ഒരു മുറിയിൽ ഏജന്റുമാരോട് ഒന്നേകാൽ കോടി ആവശ്യപ്പെടുന്ന സംഭാഷണം അടങ്ങിയ ദൃശ്യങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തവയില്‍ പെടും. ഇക്കാര്യങ്ങൾ മോഹൻ കുമാറിനെ ക്രൈംബ്രാഞ്ച് എസ്.പി കെ.ജി. സൈമൺ ബോദ്ധ്യപ്പെടുത്തിയതോടെയാണ് അയൂബിനെ പുറത്താക്കിയത്. ഇയാൾക്കെതിരെ ബാർ കൗൺസിലിൽ പരാതി നൽകുന്നതിനെക്കുറിച്ചും കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനും നിയമോപദേശം തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചതായി അറിയുന്നു.

Loading...