പറവൂർ വിസ്മയ കൊലപാതകം: പ്രതിയായ സഹോദരി ജിത്തു എറണാകുളത്ത് പിടിയിൽ

പറവൂരിലെ വിസ്മയ കൊലക്കേസിൽ പ്രതിയും കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരിയുമായ ജിത്തു പൊലീസ് പിടിയിലായി. മാനസിക വെല്ലുവിളികൾ നേരിടുന്ന ഇവരെ എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് പിടി കൂടിയത്. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇവർ കുറ്റം സമ്മതിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പ്രതിക്ക് ആരെങ്കിലും ഒളിവിൽ കഴിയാൻ സഹായം നൽകിയോ എന്നടക്കമുള്ള കാര്യങ്ങൾ അറിയാനുണ്ട്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന്‍ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ വീടിന്‍റെ പിറക് വശത്തെ ആളൊഴി‌ഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവന്‍ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു. ഇവിടെ നിന്നും ബസ്സില്‍ എറണാകുളത്തെത്തിയെന്നും കണ്ടെത്തി. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രൂപമല്ല ഇപ്പോള്‍ ജിത്തുവിനുള്ളത്. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു.

Loading...

മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാല്‍ എറെ ആശങ്കയിലാണ് മാതാപിതാക്കളും. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ ജിത്തുവിന്‍റെ കൈവശമുണ്ട. ഏറ്റവും ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വെച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.