ഒല്ലൂര്‍: പുത്തൂര്‍ ചെമ്പുംകണ്ടത്ത് മകനെ കൊന്നശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു. ഇളയ മകന്‍ ഗുരുതരാവസ്‌ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍. നന്തിപുലം കടമ്പത്തി രാമകൃഷ്‌ണന്‍ മകന്‍ സതീശന്‍ (46), ഭാര്യ അമ്പിളി (39), മകന്‍ അരവിന്ദ് (12) എന്നിവരാണ് മരിച്ചത്. ഏഴുവയസുകാരന്‍ ഇളയമകന്‍ ആദിത്യന്‍ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലാണ്.
കുട്ടികളെ രണ്ടുപേരെയും കഴുത്തില്‍ ഷാളിട്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി തൂങ്ങിമരിക്കുകയാണെന്നു ദമ്പതികള്‍ എഴുതിയ ആത്മഹത്യാക്കുറിപ്പു പോലീസിനു ലഭിച്ചു. ശ്വാസം കിട്ടാതെ ബോധക്കേടിലായ ആദിത്യന്‍ മരിച്ചെന്നു കരുതിയാണ് ഇരുവരും വീടിനുള്ളില്‍ അടുത്തടുത്തായി കെട്ടിത്തൂങ്ങിയത്.
ഒല്ലൂരില്‍ ബി.എം.എസ്. യൂണിയനില്‍പ്പെട്ട ചുമട്ടുതൊഴിലാളിയാണു സതീശന്‍. അമ്പിളി തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നഴ്‌സാണ്. സതീശന്‍ കരള്‍ സംബന്ധമായ അസുഖത്തിനു ദീര്‍ഘകാലമായി ചികിത്സയിലാണ്. മൂന്നുമാസത്തേക്കു പൂര്‍ണ വിശ്രമം ആവശ്യമാണെന്നു ഡോക്‌ടര്‍ നിര്‍ദേശിച്ചിതായി പറയുന്നു. അമ്പിളിക്കു ദിവസങ്ങള്‍ക്കു മുമ്പ് അര്‍ബുദരോഗം സ്‌ഥിരീകരിച്ചിരുന്നു. രോഗം ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ലെന്നു കരുതിയാണ് ആത്മഹത്യയ്‌ക്കു തീരുമാനിച്ചത്.
പുലര്‍ച്ചെ നാലുമണിക്കു സ്‌ഥിരമായി ഉണരുന്ന ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ അമ്പിളിയുടെ അമ്മയുടെ സഹോദരിയും മറ്റയല്‍ക്കാരും വന്നു നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അബോധാവസ്‌ഥയിലായിരുന്ന ആദിത്യനെ ഉടനെ ആശുപത്രിയിലെത്തിച്ചു. വിശദമായ ആത്മഹത്യാക്കുറിപ്പും സതീശന്‍ എഴുതിവച്ചിരുന്നു. മരണാനന്തരച്ചടങ്ങുകള്‍ക്കു വേണ്ട പണംപോലും സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യവും കത്തിലുണ്ട്. കടുത്ത രോഗാവസ്‌ഥയില്‍ ചികിത്സാ ചെലവു താങ്ങാനാവുകയില്ലെന്ന ഉത്‌കണ്‌ഠയാണ് ആത്മഹത്യക്കു പ്രേരിപ്പിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന ആദിത്യന്‍ അബോധാവസ്‌ഥയിലാണ് വെന്റിലേറ്ററിലേക്കു മാറ്റിയ ആദിത്യന്റെ നില അതീവഗുരുതരമാണ്. തൃശൂര്‍ എ.സി.പി: ശിവവിക്രം, ഒല്ലൂര്‍ സി.ഐ: എ. ഉമേഷ്, എസ്.ഐ: എം.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൂന്നു മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം നാലുമണിയോടെ ഒല്ലൂര്‍ ബി.എം.എസ്. മേഖലാ ഓഫീസില്‍ പൊതുദര്‍ശനത്തിനുവച്ചു. ചെമ്പംകണ്ടത്തും തുടര്‍ന്നു സതീശന്റെ സ്വദേശമായ നന്ദിപുലത്തുമെത്തിച്ചു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.