പാരിസ്: നവംബറിൽ പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സലാഹ് അബ്ദസ്‌ലാം അറസ്റ്റിൽ. ബ്രസൽസിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ സലാഹിന് പരുക്കേറ്റതായും ബൽജിയത്തിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ കൂടാതെ മറ്റു രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണത്തിനുശേഷം കടന്നുകളഞ്ഞ എട്ടാമത്തെ ഭീകരനായിരുന്നു സലാഹ് അബ്ദസ്‌ലാം.

ഏറ്റുമുട്ടൽ നടന്ന ബ്രസൽസിലെ തെരുവ് മുഖംമൂടിയും കറുത്ത വസ്ത്രവും ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നാണ് ടെലിവിഷൻ റിപ്പോർട്ടുകൾ. ഒരു വീടിന്റെ മേൽക്കൂരയിൽ നിന്നും വെളുത്ത പുകഉയരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ തുടരുന്നതായി പൊലീസ് അറിയിച്ചു. മുൻപ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു സലാഹ് അബ്ദസ്‌ലാമിന്റെ വിരലടയാളം ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Loading...

നവംബർ 13ന് ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരർ ഏറ്റെടുത്തിരുന്നു. 130 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്.