സംസ്ഥാന സമിതിയില്‍ ഏറ്റുമുട്ടി ജയരാജന്‍മാര്‍ ; ഇരുവർക്കുമെതിരായ ആരോപണങ്ങളിൽ സിപിഎം അന്വേഷണം

തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്‍റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം. സംസ്ഥാന സമിതിയിൽ ഇരു നേതാക്കളും ഏറ്റുമുട്ടി.അതേസമയം ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ പി ജയരാജനും ആരോപണം ഉയര്‍ത്തി. കണ്ണൂരിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി ജയരാജന്‍റെ അരോപണം.

Loading...

എന്നാല്‍, പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും, എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു.

പിന്നീട് പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി നൽകിയില്ല. ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പി ജയരാജന്‍ മൗനം പാലിക്കുന്നുവെന്നാണ് വിവരം. വിഷയം മണ്ണിട്ട് മൂടാനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ നടക്കുന്നുവെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.