മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പരസ്യമായി നിലപാടെടുത്ത പാര്‍വതിക്ക് ജൂറിയുടെ പ്രത്യേക ദേശീയപുരസ്‌ക്കാരം

മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പരസ്യമായി നിലപാടെടുത്ത പാര്‍വതിക്ക് ദേശീയപുരസ്‌ക്കാരം ലഭിച്ചപ്പോള്‍ അത് താരത്തിനെതിരെ തിരിഞ്ഞ സൂപ്പര്‍താരങ്ങളുടെ ഫാന്‍സിനേറ്റ തിരിച്ചടിയായി.

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധമായ ഡയലോഗിനെതിരെ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിന്റെ ഓപ്പണ്‍ഫോറത്തില്‍ പാര്‍വതി പ്രതികരിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ അധിഷേപം തുടങ്ങിയത്. തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സുകാരായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് അറസ്റ്റിലായ ഒരാള്‍ക്ക് കസബയുടെ നിര്‍മാതാവ് ജോബി ജോലി വാഗ്ദാനം ചെയ്തു. തുടര്‍ന്നും പാര്‍വതിക്കെതിരെ അധിഷേപം തുടര്‍ന്നപ്പോള്‍ മമ്മൂട്ടി പ്രതികരണവുമായി രംഗത്തെത്തി. തന്റെ കാര്യം പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് താരം പറഞ്ഞു.

പാര്‍വതി പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച മൈസ്റ്റോറിയുടെ പാട്ട് യൂഡ്യൂബിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പുറത്ത് വിട്ടപ്പോള്‍ ഡിസ് ലൈക്കടിച്ച് ഫാന്‍സുകാര്‍ പക തീര്‍ത്തു. അതിന് ശേഷമാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചത്.

അതിനും മുമ്പ് ഐ.എഫ്.എഫ്.കെയില്‍ മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഇക്കൊല്ലത്തെ മികച്ച നടിക്കുള്ള പുരസ്‌ക്കരം പാര്‍വതിക്ക് നല്‍കാനായിരുന്നു ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. എന്നാല്‍ ജൂറി അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് ശ്രീദേവിക്ക് പുരസ്‌ക്കാരം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top