പത്മ അവാര്‍ഡുകള്‍ നല്‍കുന്നത് ജാതിയും പണവും മാനദണ്ഡമാക്കി, ജഗതിയെ എന്ത് കൊണ്ട് അവാര്‍ഡിന് പരിഗണിക്കുന്നില്ല, പാര്‍വതി പറയുന്നു

പത്മ അവാര്‍ഡുകള്‍ നല്‍കുന്നത് ജാതിയുടേയും പണത്തിന്റേയും മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി. അര്‍ഹതയുള്ളവര്‍ മാത്രമല്ല അവ നേടിയിട്ടുള്ളത്. ഇപ്പോഴെങ്കിലും ജഗതിയെ അവാര്‍ഡുകള്‍ക്കു പരിഗണിക്കാത്തതെന്താണ് എന്നറിയില്ലെന്നും പാര്‍വതി പറഞ്ഞു.

മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭന്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കാനെത്തിയതിയിരുന്നു ജഗതിയും കുടുംബാംഗങ്ങളും. ജഗതിക്കു വേണ്ടിയുള്ള മറുപടി പ്രസംഗത്തില്‍ തന്നെ പാര്‍വതി പത്മ അവാര്‍ഡുകളോ ഭരത് അവാര്‍ഡോ ജഗതിക്കു ലഭിക്കാത്തതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഇത്രയും വലിയൊരംഗീകാരം നല്‍കുന്നതിന് ഈ സാഹചര്യത്തില്‍ മൂല്യം ഏറുന്നുവെന്നും അവര്‍ പറഞ്ഞു.

ഒരിക്കലും അവാര്‍ഡ് കിട്ടാത്തതിനെപ്പറ്റി ജഗതി പരാതി പറയില്ല. ഇപ്പോള്‍ പറഞ്ഞതു തങ്ങള്‍ മക്കളുടെ പരിഭവം മാത്രമാണ്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഒരു അവാര്‍ഡും അദ്ദേഹം കാര്യമായി കണ്ടിട്ടില്ല. അതുകൊണ്ട് ഇത് കിട്ടിയില്ല എന്നത് അദ്ദേഹത്തിനു വിഷയമായിരിക്കുകയുമില്ല. ജഗതിക്ക് ആ അവാര്‍ഡ് കിട്ടിയില്ലേ എന്നു മറ്റുള്ളവര്‍ ചോദിക്കുമ്പോഴാണു ഞങ്ങളും അതേപ്പറ്റി ആലോചിക്കുകയെന്നും പാര്‍വതി പറഞ്ഞു.