കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു; 14 മരണം

കസഖ്സ്ഥാന്‍: കസഖ്സ്ഥാനില്‍ നൂറോളം യാത്രക്കാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. 14 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 6 പേര്‍ കുട്ടികളാണ്. കസഖ്സ്ഥാനിലെ വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. ബെക്ക് എയര്‍വേയ്‌സിന്റെ വിമാനമാണ് തകര്‍ന്നത്. ടേക്ക് ഓഫിന് ശേഷം നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഇരുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

95 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അല്‍മാട്ടിയില്‍ നിന്ന് കസഖ് തലസ്ഥാനമായ നൂര്‍- സുല്‍ത്താനിലേക്കുള്ള യാത്ര ആരംഭിച്ചതിന് തൊട്ടു പിന്നാലെ വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം എന്താണെന്ന് അന്വേഷിക്കാന്‍ കസഖ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Loading...

ബെക് എയര്‍ എയര്‍ലൈനിന്റെ ഫോക്കര്‍- 100 വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫോക്കര്‍- 100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രാദേശിക സമയം രാവിലെ 7.22 നാണ് അപകടമുണ്ടായത്. കെട്ടിടത്തിലിടിച്ച് തകര്‍ന്ന വിമാനം തീപിടിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി.