കൊവിഡ് ബാധിതരെ കൈവച്ച് രോഗശാന്തിക്കായി അനുഗ്രഹിച്ച് പാസ്റ്റര്‍; ഒടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചു

യുവാണ്ടെ: കൊവിഡ് ബാധിച്ചവരെ രോഗശാന്തിക്കായി കൈ വെച്ച് അനുഗ്രഹിച്ച പാസ്റ്റര്‍ ഒടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡസന്‍ കണക്കിന് കൊവിഡ് ബാധിതരെയാണ് പാസ്റ്റര്‍ ഇത്തരത്തില്‍ അനുഗ്രഹിച്ചത്. 39 കാരനായ ഫ്രാങ്ക്‌ലിന്‍ എന്‍ഡൈഫര്‍ എന്ന പാസ്റ്ററാണ് മരിച്ചത്. തനിക്ക് കൊവിഡിനെ ഭേദമാക്കാന്‍ ശക്തിയുണ്ടെന്നായിരുന്നു ഫ്രാങ്ക്‌ലിന്‍ വാദിച്ചിരുന്നത്. അങ്ങനെ ആഴ്ചകളില്‍ നിരവധി പേരെ ഫ്രാങ്കിലിന്‍ സ്ഥാപിച്ച കിംഗ്ഷിപ്പ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് ചര്‍ച്ചിലേക്ക് കൊണ്ടുവന്ന് രോഗശാന്തിക്കായി കൈവെച്ച് പ്രാര്‍ത്ഥിക്കുകയുമായിരുന്നു.

രോഗം ബാധിച്ചവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമെല്ലാം ഇയാള്‍ അനുഗ്രഹങ്ങള്‍ നല്‍കിയും പ്രാര്‍ത്ഥനകള്‍ നടത്തിയും അുഗ്രഹിച്ചതായി ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഏറെ പണിപ്പെട്ടാണ് അധികൃതര്‍ അദ്ദേഹത്തിന്റെ മൃതദേഹം വീടിന് പുറത്തെത്തിച്ചത്. എട്ടുമണിക്കൂറോളമാണ് അധികൃതരെ ഭക്തര്‍ തടഞ്ഞുനിര്‍ത്തിയത്. ഫ്രാങ്ക്‌ലിനെ പ്രവാചകനെന്നും ദീര്‍ഘദര്‍ശിയെന്നുമായിരുന്നു ഭക്തര്‍ വിശേഷിപ്പിച്ചത്.

Loading...

ഫ്രാങ്കിലന്‍ ആത്മീയ ധ്യാനത്തിലാണെന്നും അദ്ദേഹത്തെ സംസ്‌കരിക്കാന്‍ പാടില്ലെന്നുമായിരുന്നു ഭക്തര്‍ വാദിച്ചിരുന്നത്. പിന്നീട് പാസ്റ്ററുടെ വീടിന് മുന്നില്‍ ഇവര്‍ കൂട്ടപ്രാര്‍ത്ഥനയും ചടങ്ങുകളും സംഘടിപ്പിക്കുകയായിരുന്നു.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അതീവഗുരുതരമായതോടെയാണ് ഇയാളെ ചികിത്സിക്കാന്‍ ഡോക്ടറെ വരുത്തിയത്. എന്നാല്‍ ഡോക്ടര്‍ എത്തി മിനിറ്റുകള്‍ക്കകം തന്നെ ഇയാള്‍ മരിക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് തന്നെ ഇയാളെ സംസ്‌കരിക്കുകയും ചെയ്തു.