വിശ്വാസനഷ്ടം കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കും: മാര്‍ ലോറന്‍സ് മുക്കുഴി

ഷിക്കാഗോ: സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ നാല് സുപ്രധാന വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ ലോറന്‍സ് മുക്കുഴി പ്രസ്താവിച്ചു.

വിശ്വാസനഷ്ടത്തിലേക്ക് എത്തിക്കുന്ന മൂല്യച്യുതി, അമിതമായ സ്വാര്‍ത്ഥ-വ്യക്തിഗത താത്പര്യങ്ങള്‍, പരസ്പര ബന്ധങ്ങളില്‍ നഷ്ടംവന്ന ഊഷ്മളതയും വിശ്വാസ്യതയും, പങ്കുവെയ്ക്കാന്‍ സമയമില്ലായ്മ എന്നിവയാണ് ഇന്ന് കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. ഇവയെ ഫലപ്രദമായി പ്രതിരോധിക്കുവാനും, യാഥാര്‍ത്ഥ്യബോധത്തോടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും കുടുംബങ്ങള്‍ക്കു സാധിക്കണം. മൂല്യങ്ങള്‍, പ്രത്യേകിച്ച് കുടുംബമൂല്യങ്ങളായ ഐക്യം, വിശ്വസ്തത, സമര്‍പ്പിത സ്‌നേഹം ഇവ കുടുംബങ്ങളില്‍ വളരുന്നതിനു പരസ്പര ആദരവിന്റെ ഒരു സ്‌നേഹസംസ്‌കാരം ബോധപൂര്‍വ്വം വളര്‍ത്തണം. ഓരോരുത്തരും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന സ്വാര്‍ത്ഥ നയം ഉപേക്ഷിക്കുകയും കുടുംബത്തെ ഒന്നായി കണ്ട് പ്രാര്‍ത്ഥനയുടേയും ത്യാഗത്തിന്റേയും വഴികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും മാര്‍ മുക്കുഴി ആവശ്യപ്പെട്ടു.

Loading...

എഴുപതോളം പ്രതിനിധികള്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുത്തു. ഗാര്‍ഹിക സഭയായ കുടുംബങ്ങളുടെ പുരോഗതിയാണ് സഭയുടെ വളര്‍ച്ച എന്ന് അധ്യക്ഷ പ്രസംഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. സഭയുടെ പുരോഗതി, വിശ്വാസ പുരോഗതിയാണ്, വിശ്വാസ പുരോഗതിക്കു തടസ്സമായ ഭൗതീകചിന്തകളെ അതിജീവിക്കുന്നതിനു അത്മായ പങ്കാളിത്തം സുപ്രധാനമാണെന്ന് മാര്‍ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു. പ്രായോഗികവും സുപ്രധാനവുമായ പൊതു ചര്‍ച്ചകളില്‍ വിവിധ അംഗങ്ങള്‍ അവരുടെ നിര്‍ദേശങ്ങള്‍ വച്ചു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി കത്തീഡ്രല്‍ ഇടവകാംഗമായ ആന്‍ഡ്രൂസ് തോമസിനെ രൂപതാധ്യക്ഷന്‍ നിയോഗിച്ചു.

കുടുംബപ്രേക്ഷിതത്വത്തിന്റെ വിവിധ തലങ്ങള്‍ റവ.ഫാ. പോള്‍ ചാലിശേരിയും, തോമസ് പുളിക്കനും അവതരിപ്പിച്ചു. വികാരി ജനറാള്‍മാരായ റവ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ റവ.ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.