പത്തനംതിട്ട: സിപിഐ ജില്ല സെക്രട്ടറി എ. പി ജയനെതിരെ പാർട്ടിക്ക് പരാതി നൽകിയ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തല ഫ്ളക്സ് ബോർഡിൽ നിന്ന് വെട്ടിമാറ്റി. പന്തളം തെക്കേക്കരയിൽ സ്ഥാപിച്ച ബോർഡിലെ തലയാണ് വെട്ടിമാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ശ്രീനാദേവി കുഞ്ഞമ്മ ജില്ല സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പാർട്ടിതലത്തിൽ പരാതി നൽകി.
എ.പി ജയന്റെ ഒത്താശയോടെ ജില്ലയിൽ ഉടനീളം ഭൂനികത്തൽ മാഫിയ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് കാണിച്ചായിരുന്നു പരാതി. പരാതി സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന നിർവാഹക സമിതി ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. മറ്റ് അന്വേഷണത്തിൽ നിന്ന് തലയൂരാനാണ് സിപിഐയുടെ ശ്രമമെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. നിലവിൽ പത്തനംതിട്ടയിൽ വിഭാഗീയത രൂക്ഷമാണ്.
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ആറുകോടിയിലധികം രൂപയുടെ അഴിമതി ആരോപണമാണ് ജില്ലാ സെക്രട്ടറിക്കെതിരെ വനിത അംഗം ഉയർത്തിയിരിക്കുന്നത്. ജയന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് പ്രവർത്തകർക്കിടയിൽ മുൻപ് തന്നെ സംശയമുയർന്നിരുന്നു. അടൂർ മേലാട് കോടികൾ വിലമതിക്കുന്ന പശു ഫാം സിപിഐ ജില്ലാ സെക്രട്ടറിക്ക് സ്വന്തമായുണ്ട്.