പത്തനംതിട്ട: ക്വാറന്റീനില്‍ കഴിയുകയായിരുന്ന കുടുംബത്തിന്റെ കിണറ്റില്‍ പൂച്ചയെ കൊന്ന് തള്ളിയെന്ന് പരാതി. ബെംഗളൂരുവില്‍ നിന്നെത്തി പത്തനംതിട്ടയിലെ കുന്നന്താനം പഞ്ചായത്തിൽ ക്വാറന്റീനില്‍ കഴിയുകയായിരുന്ന കുടുംബത്തിന്റെ ദുരവസ്ഥയാണ് ശ്രദ്ധേയമാകുന്നത്. ജൂലൈ നാലിന് നാട്ടിലെത്തിയ ജോബിന് ജോര്‍ജ് വര്‍ഗീസും ഭാര്യയും ഒരു വയസുള്ള കുട്ടിയും പിതാവിന്റെ സഹോദരന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേയാണ് സംഭവം.
ഇവിടെ എത്തും മുമ്പുതന്നെ നാട്ടുകാര്‍ പ്രശ്നമുണ്ടാക്കിയിരുന്നു എന്ന് ജോബിന് പറയുന്നു. പിന്നാലെയാണ് ഇന്നലെ കിണറില്‍ ചത്ത നിലയില്‍ പൂച്ചയെ കണ്ടത്. ഒരു വയസുള്ള കുട്ടിയുമായി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തന്നോട് നാട്ടുകാര്‍ ചെയ്തത് മഹാപാതകമാണ് എന്ന് പറയുന്നു ജോബിന്. ചത്ത പൂച്ചയെ കിണറ്റില്‍ കണ്ടെത്തിയ വിവരം ജോബിന് ആരോഗ്യവകുപ്പിനെയും കീഴ്വായ്പൂര് പൊലീസിനെയും അറിയിച്ചിരുന്നു. കുടുംബത്തിന്റെ പരാതി ലഭിച്ചതായും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജഹാന് സ്ഥിരീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പ്രിയ സുഹൃത്തുക്കളെ പ്രവാസി മലയാളികളെ ,
എൻറെ പേര് ജോബിൻ കഴിഞ്ഞ എട്ടു വർഷമായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അവിടെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് ആയതിനാൽ ഞങ്ങൾ ജൂലൈ നാലാം തീയതി
നാട്ടിലേക്ക് എത്തിച്ചേർന്നു. എൻറെ വീട്ടിൽ പോകുന്നതിന് ബുദ്ധിമുട്ടുള്ളതു കൊണ്ട്
എൻറെ പിതാവിൻറെ സഹോദരൻറെ വീട്ടിലേക്കാണ് Home Quarantine പോകാൻ തീരുമാനിച്ചത്. വീട് പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ
സ്ഥിതി ചെയ്യുന്നത് (മുണ്ട്കണ്ടം നെല്ലിമൂട് റോഡ്) .ചുറ്റുമതിലുകൾ എല്ലാം വളരെ ഉയരത്തിൽ തന്നെയാണ് കെട്ടിയിരിക്കുന്നത് ഞങ്ങൾ എത്തും എന്ന് അറിഞ്ഞു കൊണ്ട് ആ പ്രദേശവാസികൾ അവിടെ പല പ്രശ്നങ്ങളും ഉണ്ടാക്കുകയും ആരോഗ്യവകുപ്പ് ഓഫീസിൽ നിന്നും പോലീസിൽ നിന്നും ഉദ്യോഗസ്ഥർ
അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാനും എൻറെ ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും ആണ് നാട്ടിലെത്തിയത്. ജൂലൈ നാലാം തീയതി തൊട്ട് ഞങ്ങൾ അവിടെ താമസം ആരംഭിച്ചു ഇന്നലെ രാവിലെ വീട്ടിനുള്ളിലേക്ക് അതി ഭയങ്കരമായ ദുർഗന്ധം അനുഭവപ്പെട്ടു ആയതിനാൽ ഞാൻ പുറത്തിറങ്ങി നോക്കുകയും വീടിനോടു ചേർന്നുള്ള ഉള്ള കിണറ്റിൽ ഒരു പൂച്ച ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.. വളരെ ദുർഗന്ധം ഉണ്ടായതിനാൽ അത് രണ്ടുദിവസമെങ്കിലും പഴക്കം ഉണ്ടാകും എന്ന് എനിക്ക് മനസ്സിലായി. ആയതിനാൽ ഞാൻ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് നെയും പൊലീസിനെ വിവരമറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം ഞാൻ എൻറെ സ്വന്തം വീട്ടിലേക്ക് quarantine പോകാൻ തീരുമാനിച്ചു.
ഞങ്ങൾ അവിടെ നിന്ന് പോയതിനുശേഷം എൻറെ പിതാവിൻറെ സഹോദരൻ അവിടെ എത്തുകയും പൂച്ചയെ കിണറ്റിൽ നിന്ന് എടുക്കാൻ ശ്രമിക്കുകയും ചെയ്തു അപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് കയർ കഴുത്തിൽ മുറുകി കൊന്ന് ആരോ വലിച്ചെറിഞ്ഞതയിട്ടാണ് അറിയാൻ സാധിച്ചത്..
ആരോഗ്യവകുപ്പിന് പോലീസിനെ ഞങ്ങൾ ഈ വിവരം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എൻറെ പ്രവാസി സഹോദരങ്ങളെ നിങ്ങളോരോരുത്തരും നാട്ടിലെത്തുമ്പോൾ വളരെയധികം സൂക്ഷിക്കുക നാട്ടുകാരുടെ സ്നേഹപ്രകടനം അതിഗംഭീരം ആണ്.