ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു

ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. ആലുവ പുളിഞ്ചുവട്ടിലെ ഫ്‌ളാറ്റിൽ സെക്യുരിറ്റി ജീവനക്കാരനായ വിജയൻ ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച നിലയിലായിരുന്നു വിജയനെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ഫ്‌ളാറ്റിൽ നിന്നൂം ആംബുലൻസിലേക്ക് നടന്ന് കയറിയതാണ് വിജയനെന്ന് ആംബുലൻസ് ഡ്രൈവർ സുമേഷ് പറയുന്നു.

ഒമ്പതേകാലിന് കൊറോണ ചികിത്സ ലഭ്യമാക്കുന്ന അത്യാഹിത വിഭാഗത്തിൽ എത്തിച്ച വിജയനെ ഡോക്ടർമാരോ മറ്റ് ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്നും അരമണിക്കൂറിലേറെ ആംബുലൻസിൽ കിടന്ന രോഗി മരിക്കുകയുമായിരുന്നു. മരണശേഷമാണ് ജീവനക്കാർ എത്തിയതെന്നും സുമേഷ് ആരോപിച്ചു. രോഗിയെ എത്തിച്ച വിവരം അത്യാഹിത വാർഡിൽ ചെന്ന് അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ആംബുലൻസ് ജീവനക്കാരൻ പറയുന്നു.

Loading...

എന്നാൽ 9.45 ഓടെയാണ് ആംബുലൻസ് എത്തിയതെന്നും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കേണ്ടതിനാലാണ് താമസം വന്നതെന്നും ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ കൊറോണ വാർഡിൽ ജീവനക്കാർ പിപിഇ കിറ്റ് ധരിക്കാതെയാണ് നിന്നിരുന്നതെന്നും സുരക്ഷ മുൻകരുതൽ സ്വീകരികേണ്ടിവന്നതിനാലാണ് കാലതാമസം നേരിട്ടതെന്നുമുള്ള വാദമാണ് ഏറ്റവും ഗുരുതരമായ മറ്റൊരു വിഷയം.