പവന്‍ ചുഴലിക്കാറ്റ്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന പവന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അടുത്ത ആറ് മണിക്കൂറോളം ചുഴലിക്കാറ്റിന്റെ തീവ്രത നിലനില്‍ക്കുകയും അതിനുശേഷം ശക്തികുറഞ്ഞു ന്യുനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കര്‍ണാടക തീരത്ത് ഇന്നും നാളെയും രണ്ട് മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Loading...

പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മിനിക്കോയ് മുതല്‍ ബിത്ര വരെയുള്ള ലക്ഷദ്വീപ് തീരത്ത് 2.3 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്.

തമിഴ്‌നാട്, പുതുച്ചേരി മേഖലയില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നി പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അടുത്ത 36 മണിക്കൂറില്‍ തെക്കു പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള സോമാലിയന്‍ തീരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

അറബിക്കടലിൽ ഈ വർഷം മാത്രം രൂപപ്പെട്ടത് അഞ്ച് ചുഴലിക്കാറ്റുകളാണ്. 117 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയധികം ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപപ്പെടുന്നത്. അറബിക്കടലിൽ പവൻ എന്നപേരിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് അവസാനമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സമുദ്രോപരിതല താപനില വർദ്ധിച്ചതുമൂലമാണിതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ശ്രീലങ്കയാണ് കാറ്റിന് പേര് നിർദ്ദേശിച്ചത്.

നേരത്തെ 1902ലാണ് ഏറ്റവും അധികം ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപംകൊണ്ടത്. അഞ്ച് ചുഴലിക്കാറ്റുകളാണ് അന്ന് അറബിക്കടലിൽ പിറവിയെടുത്തത്. സമുദ്രോപരിതലത്തിലെ ഉഷ്ണം വർദ്ധിച്ചതും ഈ പ്രദേശങ്ങളിൽ മർദ്ദം കുറവായതുമാണ് ചുഴലിക്കാറ്റിന് കാരണമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. 1981-2010 കാലഘട്ടത്തിലാണ് സമുദ്ര താപനില ഏറ്റവും അധികം വർദ്ധിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

ഈ വർഷം ജൂൺ 10-17 വരെ വായൂ ചുഴലിക്കാറ്റ് വീശിയടിച്ചു. സെപ്തംബർ 22-25 വരെ ഹിക്ക ചുഴലിക്കാറ്റ്, തൊട്ടു പിന്നാലെ ഒക്ടോബർ 24 മുതൽ സെപ്തംബർ 2 വരെ ക്യാർ ചുഴലിക്കാറ്റ് ദുരിതം വിതച്ചു. ഒക്ടോബർ 30 മുതൽ നവംബർ ഏഴുവരെ മഹാ ചുഴലിക്കാറ്റ്. ഇതിനു പിന്നാലെയാണ് പവൻ ചുഴലിക്കാറ്റ് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിസംബറിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അസാധാരണമാണെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

പാബുക്ക്, ഫാനി, ബുൾബുൾ ചുഴലിക്കാറ്റുകളാണ് ഇക്കൊല്ലം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. വർഷം നാല് ചുഴലിക്കാറ്റുകൾ ബംഗാൾ സമുദ്രത്തിൽ പതിവാണ്. സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വർദ്ധന, കാറ്റിന്റെ രീതി, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. യുകെ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ അക്ഷയ് ഡിയോറസ് പറഞ്ഞു.