കോട്ടയം: പിസി ജോര്‍ജിന്റെ കാര്യത്തില്‍ ഇന്ന് വിധി പ്രഖ്യാപനം. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കുമോ എന്നുള്ള കാര്യത്തിലുള്ള തീരുമാനം ഇന്ന് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് കൈക്കൊള്ളും. കേരളം കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കാനാണ് സാധ്യതയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനല്ലാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കേരളകോണ്‍ഗ്രസ് എമ്മിന് ഉദ്ദേശ്യമില്ല. സ്വയം പുറത്തുപോകട്ടെയെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. അങ്ങനെയെങ്കില്‍ കൂറുമാറ്റനിരോധനനിയമത്തിന്റെ കുരുക്കില്‍ ജോര്‍ജിനെ പെടുത്താനും അവര്‍ക്ക് കഴിയും.
പഴയ കേരളകോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് മുന്നണിയില്‍ തുടരാനാണ് ജോര്‍ജിന്റെ പദ്ധതി. അതിനായിട്ട് ഘടകകഷികളുടെ പിന്തുണ അദ്ദേഹം തേടിയിരുന്നു. ഈ പദ്ധതി നടന്നില്ലെങ്കില്‍ സ്വയം പുറത്തുപോകാതെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിയെക്കൊണ്ട് പുറത്താക്കിക്കുന്ന പരിപാടികളായിരിക്കും ജോര്‍ജ് ചെയ്യുക. പാര്‍ട്ടിക്കും മുന്നണിക്കും തലവേദനയായി മാറാനിടയുള്ള എല്ലാ ആയുധങ്ങളും എടുത്ത് അദ്ദേഹം പ്രയോഗിക്കുമെന്നതും ഉറപ്പാണ്.
എന്നാല്‍, പാര്‍ട്ടി വിട്ടാല്‍ ജോര്‍ജിനെ മുന്നണിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് കെ.എം. മാണിയുടെ ആവശ്യം. ചെറിയശിക്ഷ ഏറ്റുവാങ്ങി ജോര്‍ജ് പാര്‍ട്ടിയില്‍ത്തന്നെ തുടര്‍ന്നോട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ വിഷമഘട്ടത്തിലാണ് ഘടകകക്ഷികളുടെ നിലപാട് നിര്‍ണായകമാകുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിലെ രണ്ടുഗ്രൂപ്പുകളും വിരുദ്ധാഭിപ്രായക്കാരാണ്. മുന്നണിക്കുള്ളില്‍ തുടരാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന ജോര്‍ജിന്റെ ആവശ്യത്തെ കെ.എം. മാണി പൂര്‍ണമായി തള്ളിക്കളഞ്ഞാല്‍ ഈ പ്രശ്‌നം കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നുകാണേണ്ട കാര്യമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോര്‍ജിന്റെ ആവശ്യം മുന്നണിക്ക് തള്ളാനാവില്ല. രാജ്യസഭാ തിരഞ്ഞെടുപ്പ് വരികയാണ്. മറ്റൊരു ഘടകകക്ഷി എം.എല്‍.എ.യും ഇടഞ്ഞുനില്‍ക്കുന്നതായി സൂചനയുണ്ട്. ജോര്‍ജുകൂടി തിരിഞ്ഞാല്‍ മുന്നണിസ്ഥാനാര്‍ഥികളുടെ ജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കും.
അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പാണ് മറ്റൊരു കടമ്പ. അവിടെ നിര്‍ണായകസ്വാധീനമുള്ള നാടാര്‍ സമുദായത്തിലെ ഒരുവിഭാഗം ജോര്‍ജിനൊപ്പമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. അതിന്റെ ഫലത്തെയും തീരുമാനങ്ങള്‍ സ്വാധീനിക്കും. എന്തു തീരുമാനം എടുത്താലും മാണിയും ജോര്‍ജും വഴിപിരിയുകയാണെന്ന് ഉറപ്പായി. ഇപ്പോഴുള്ള കേരള കോണ്‍ഗ്രസ് (എം) മാണി ഗ്രൂപ്പിന്റേയും ജോസഫ് ഗ്രൂപ്പിന്റേയും തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗ്രൂപ്പിന്റേയും ഒരു കോണ്‍ഫെഡറേഷനാണെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടിക്ക് ഇപ്പോള്‍ ഭരണഘടനയില്ലെന്നും തന്നെ പുറത്താക്കാന്‍ വകുപ്പില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മുന്നണിയോടുള്ള പ്രതിബദ്ധതയും ജോര്‍ജ് ആവര്‍ത്തിച്ചിട്ടുണ്ട്.
എന്തായാലും കേരള കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ജോര്‍ജ് ഒരു തലവേദയായി മാറുമെന്നതില്‍ സംശയമില്ല.