ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ല: പിസി ജോര്‍ജ്

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ല പിസി ജോര്‍ജ്. തന്നെ പുറത്താക്കണമെന്ന് അവകാശപ്പെടാന്‍ കെ.എം മാണിക്ക് അധികാരമില്ല. അതിനു യു.ഡി.എഫിനു മാത്രമെ സാധിക്കൂ. പഴയ സെക്യുലർ പാർട്ടി പുനരുജ്ജീവിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്ന നിലപാടുമായി പി.സി.ജോർജ്.

അഴിമതിക്കെതിരെ പോരാടിയതിന് തന്നെ പുറത്താക്കണമെന്ന് യു.ഡി.എഫിലെ ഏതെങ്കിലും ഒരു കക്ഷി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസ് ആവശ്യപ്പെട്ടത് രണ്ട് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ്. ചീഫ് വിപ്പ് സ്ഥാനം തന്നത് യു.ഡി.എഫാണ്. അതുകൊണ്ടു തന്നെ മാണിക്കെങ്ങനെ അതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊക്കും. ഞാൻ യു.ഡി.എഫിന്റെ ഭാഗമാണ്. അഞ്ചുകൊല്ലവും യു.ഡി.എഫിന് വോട്ടുചെയ്യാൻ ബാധ്യസ്ഥനാണ്.

Loading...

തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട പാർലമെന്ററി പാർട്ടി യോഗം എന്നത് ഒളിച്ചുകച്ചവടമായിരുന്നു. അങ്ങനെയൊരു പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കാൻ പാർട്ടിയുടെ ഭരണഘടനാപ്രകാരം അവകാശമില്ല. കേരള കോൺഗ്രസ് എന്നത് മാണി ഗ്രൂപ്പ്, ജോസഫ് ഗ്രൂപ്പ്, സെക്യുലർ വിഭാഗം എന്നിവയുടെ കോൺഫെഡറേഷനാണ്. മാർച്ച് 21ന് പാർട്ടി യോഗം വിളിച്ചപ്പോൾ തന്നെ പുറത്താക്കണമെന്ന ചർച്ചയൊന്നും ഉണ്ടായില്ല. പിന്നീട് 24നാണ് എം.എൽ.എമാരെ കൂട്ടി ഒളിച്ചുകച്ചവടം നടത്തിയത്. അത് അംഗീകരിക്കില്ലെന്നും ജോർജ് പറഞ്ഞു. ഭരണഘടനാപരമായി കെ.എം. മാണി പാർട്ടികമ്മിറ്റി വിളിച്ചു കൂട്ടി താൻ ഒഴിയണമെന്ന് നേരിട്ട് പറയട്ടെന്നും അദ്ദേഹം പറഞ്ഞു.