കഴിവ് കെട്ടതെന്ന് പറഞ്ഞാല്‍ ചാരിത്ര്യം നഷ്ടപ്പെടുമോ? വീണാ ജോര്‍ജിനെതിരെയുള്ള പ്രസ്താവനയില്‍ പിസി ജോര്‍ജ്

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ വിമര്‍ശിച്ച്‌ വീണ്ടും പി സി ജോര്‍ജ്ജ്. കഴിവുകെട്ട മന്ത്രിയാണ് വീണാ ജോര്‍ജ്ജ് എന്ന് പറഞ്ഞു, അതില്‍ എന്താണ് തെറ്റ്, കഴിവുകെട്ടത് എന്ന് പറഞ്ഞാല്‍ ചാരിത്ര്യം നഷ്ടപ്പെടുമോ എന്നാണ് പി സി ജോര്‍ജ്ജിന്റെ ചോദ്യം. ഒരു മന്ത്രിയെ വിമര്‍ശിക്കാന്‍ ആവകാശമില്ലാത്ത നാടായി മാറിയിരിക്കുകയാണ് കേരളമെന്ന് പി.സി ജോര്‍ജ്ജ് വിമര്‍ശിച്ചു.

‘എങ്ങനെയെങ്കിലും കേസില്‍പ്പെടുത്തി ജയിലിലടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കേസ്. വീണാ ജോര്‍ജ്ജിനെ ഒരു തരത്തിലും അപമാനിച്ചിട്ടില്ല. ഒരു സ്ത്രീ എന്ന ബഹുമാനത്തോടെയാണ് സംസാരിച്ചതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

Loading...

‘കേരളം കണ്ട ഏറ്റവും കഴിവുകെട്ട മന്ത്രിയാണ് വീണാ ജോര്‍ജ്ജ് എന്ന് പറഞ്ഞിരുന്നു. അതില്‍ എന്താണ് ഇത്ര കുറ്റം. സത്യസന്ധമായ കാര്യമല്ലേ പറഞ്ഞത്. കഴിവുകെട്ടത് എന്ന് പറഞ്ഞാല്‍ അവരുടെ ചാരിത്ര്യം നഷ്ടപ്പെടുമോ?. കോവിഡ് പടര്‍ന്നു പിടിക്കുമ്ബോള്‍ അത് തടയാനോ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനോ കഴിയാത്ത മന്ത്രി കഴിവു കെട്ടവരല്ലെ. അത് തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ കുഴപ്പമായിരിക്കുന്നത്. ഒരു മന്ത്രിയെ വിമര്‍ശിച്ചതിന് കേസെടുത്ത പൊലീസുകാരനെ വെറുതെ വിടില്ല, പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും പി.സി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖ്യത്തില്‍ പറയുന്നു.