സ്ത്രീകള്‍ അഴിഞ്ഞാടുകയാണ്, പുരുഷന്മാര്‍ അരക്ഷിതര്‍; പി സി ജോര്‍ജ്

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാര്‍ അരക്ഷിതരാണെന്നും പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ് പറഞ്ഞതില്‍ നിയമസഭയില്‍ വന്‍ ബഹളം. പി സി ജോര്‍ജിന്റെ പരാമര്‍ശനത്തിന് എതിരെ ഇ എസ് ബിജിമോളുടെ നേതൃത്വത്തില്‍ വനിത എം എല്‍ എമാര്‍ പ്രതിഷേധിച്ചു.

നിയമസഭയില്‍ അംഗനവാടികളിലെ ആശവര്‍ക്കമാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് വിവാദപരാമര്‍ശം നടത്തിയത്. പുരുഷന്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും പുരുഷന്‍മാരുടെ സംരക്ഷണത്തിനായി നിയമം വേണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.

Loading...

ഇതോടെ ഭരണപക്ഷത്തുള്ള ഇഎസ് ബിജിമോള്‍ എംഎല്‍എ അടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി രംഗത്തു വന്നു. പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകള്‍ സഭാ രേഖയില്‍ ഉണ്ടാവാന്‍ പാടില്ലെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.

യു.പ്രതിഭ അടക്കമുള്ള എംഎല്‍എമാരും ബിജി മോള്‍ക്ക് പിന്നാലെ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. ഒടുവില്‍ വിഷയത്തില്‍ സ്പീക്കര്‍ ഇടപെട്ടതോടെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചു. എന്നാല്‍ രാജ്യത്തെ പുരുഷന്‍മാര്‍ അരക്ഷിതരാണ് എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചു നിന്നു.

നേരത്തെ ശമ്പള പരിഷ്‌കാരത്തിനെതിരെ പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് പി.സിയുടെ വിമര്‍ശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെന്ന് പി സി ജോര്‍ജ് തുറന്നടിച്ചു.

ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ ശമ്പള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാന്‍ സമ്മതിക്കരുത്. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ… പത്തേക്കറുള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍ വകയില്ല. പിന്നെ ഒടുക്കത്തെ പെന്‍ഷന്‍ അല്ലേ ഇവര്‍ക്ക്. 25,000 രൂപയില്‍ കൂടുതല്‍ എന്തിനാ പെന്‍ഷന്‍ കൊടുക്കുന്നേ. ഒരുമാസം ഏതു ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കരുത്. ബാക്കി വെട്ടിക്കുറയ്ക്കണം. ഇതിന് വേണ്ടി വലിയ പ്രതിഷേധത്തിന് ഞാന്‍ തുടക്കമിടാന്‍ പോകുകയാണ്.’ പി.സി ജോര്‍ജ് പറയുന്നു. വിഡിയോ കാണാം.

അതേസമയം എന്‍ഡിഎ യോഗങ്ങളില്‍ ഇനിമുതല്‍ പങ്കെടുക്കില്ലെന്നു ജനപക്ഷം സെക്യുലര്‍ രക്ഷാധികാരി പി.സി. ജോര്‍ജ് എംഎല്‍എ നേരത്തെ പറിരുന്നു. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എന്‍ഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവില്‍ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാര്‍ട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാര്‍ഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാര്‍ട്ടിയില്‍. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാള്‍ ബിജെപിയില്‍ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോര്‍ജ് തുറന്നടിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും യുഡിഎഫിന്റെ തോല്‍വിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയന്‍ നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. – പി.സി.ജോര്‍ജ് പറഞ്ഞു.