‘ജോസ് കെ മാണി കരഞ്ഞു കൊണ്ട് നടക്കുകയാണ്, കെ എം മാണി ആനയാണെങ്കില്‍ മകന്‍ വെറും കൊതുക് മാത്രമാണ് ‘

കോട്ടയം: ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയതില്‍ പിന്നെ അദ്ദേഹം ഇടത് മുന്നണിയിലേക്ക് പോകുമോ എന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സിപിഐ ഒഴികെ എല്ലാ ഘടകക്ഷികളും ഇതിന് സമ്മതം മൂളുകയും ചെയ്തു. ഇപ്പോള്‍ ജോസ് കെ മാണിക്ക് എതിരെ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. യു ഡി എഫില്‍ നിന്നും കിട്ടിയ സ്ഥാനങ്ങള്‍ രാജി വയ്ക്കണമെന്ന് പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുമെന്ന് പി സി ജോര്‍ജ് പരിഹസിച്ചു. കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്നു പറഞ്ഞു ജോസ് കെ മാണി കരഞ്ഞു കൊണ്ട് നടക്കുകയാണ്. കെ എം മാണി ആനയാണെങ്കില്‍ ജോസ് കെ മാണി വെറും കൊതുക് മാത്രമാണ്. ഇപ്പോള്‍ മൂന്നു മുന്നണിയോടും കാശ് ചോദിച്ചോണ്ടു നടക്കുകയാണ്. യു ഡി എഫിലോട്ട് തിരിച്ചു കയറുന്നതു നടക്കില്ല. ഛര്‍ദിച്ചത് വീണ്ടും കഴിക്കാന്‍ പറ്റുമോയെന്നും പി.സി ജോര്‍ജ് പരിഹസിച്ചു.

അതേസമയം ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ് അവര്‍. യുഡിഎഫിന്റെ കയ്യില്‍ നിന്ന് ലഭിച്ച സര്‍വ്വതും രാജ്യസഭാംഗവും വിട്ടെറിഞ്ഞിട്ടാണ് വീരേന്ദ്രകുമാറിന്റെ ജനതാദള്‍ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് വന്നത്. ജോസ് കെ. മാണി വിഭാഗത്തിന്റെ പല എംപിമാരും നിലവില്‍ യുപിഎയുടെ എംപിമാരാണ്. അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാമെന്നും കാനം അദ്ദേഹം വ്യക്തമാക്കി.

Loading...