ഒറ്റപ്പൈസ കൂട്ടാന്‍ അനുവദിക്കില്ല; എന്തിനാ ഇത്ര ശമ്പളം; പൊട്ടിത്തെറിച്ച് പി.സി ജോര്‍ജ്

ശമ്പള പരിഷ്‌കരണ നീക്കത്തിനെതിരെ പി.സി ജോര്‍ജ് എംഎല്‍എ. പിസിയുടെ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് പി.സിയുടെ വിമര്‍ശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെന്ന് പി സി ജോര്‍ജ് തുറന്നടിച്ചു.

ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ ശമ്പള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാന്‍ സമ്മതിക്കരുത്. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ… പത്തേക്കറുള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍ വകയില്ല. പിന്നെ ഒടുക്കത്തെ പെന്‍ഷന്‍ അല്ലേ ഇവര്‍ക്ക്. 25,000 രൂപയില്‍ കൂടുതല്‍ എന്തിനാ പെന്‍ഷന്‍ കൊടുക്കുന്നേ. ഒരുമാസം ഏതു ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കരുത്. ബാക്കി വെട്ടിക്കുറയ്ക്കണം. ഇതിന് വേണ്ടി വലിയ പ്രതിഷേധത്തിന് ഞാന്‍ തുടക്കമിടാന്‍ പോകുകയാണ്.’ പി.സി ജോര്‍ജ് പറയുന്നു. വിഡിയോ കാണാം.

Loading...

അതേസമയം എന്‍ഡിഎ യോഗങ്ങളില്‍ ഇനിമുതല്‍ പങ്കെടുക്കില്ലെന്നു ജനപക്ഷം സെക്യുലര്‍ രക്ഷാധികാരി പി.സി. ജോര്‍ജ് എംഎല്‍എ നേരത്തെ പറിരുന്നു. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എന്‍ഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവില്‍ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാര്‍ട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാര്‍ഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാര്‍ട്ടിയില്‍. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാള്‍ ബിജെപിയില്‍ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോര്‍ജ് തുറന്നടിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും യുഡിഎഫിന്റെ തോല്‍വിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയന്‍ നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. – പി.സി.ജോര്‍ജ് പറഞ്ഞു.

”ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോല്‍വിയില്‍ നില്‍ക്കുമ്പോള്‍ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാല്‍ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങള്‍ സംസാരിക്കാറുള്ളു. അതുകൊണ്ട് അല്‍പം സാവകാശം വേണം. പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ പറയും. കോന്നിയില്‍ സുരേന്ദ്രനെ നിര്‍ത്തിയത് തോല്‍പിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.”

റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്നും പി.സി. ജോര്‍ജ് അറിയിച്ചു. ഭൂപരിഷ്‌കരണ നിയമത്തിലെ 87 എ കരിനിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നിനു തിരുനക്കരയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.