പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ പേരാണ് പള്‍സര്‍ സുനി പറയുന്നതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ .?; പിസി വീണ്ടും

കോട്ടയം: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തുന്നുവെന്ന കുറ്റാരോപിതനായ നടന്‍ ദിലീപ് ഒരു മാസത്തിലേറെയായി റിമാന്‍ഡില്‍ കഴിയുകയാണ്. ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നടനോട് ഇതുവരെ കനിഞ്ഞില്ല. ഹൈക്കോടതി പുതിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ ദിലീപ് ഈ കേസില്‍ നിരപരാധിയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം നടന് കട്ട സപ്പോര്‍ട്ടുമായി പിസി ജോര്‍ജ് എംഎല്‍എ രംഗത്തുണ്ട്. ദിലീപിന് പിന്തുണ നല്‍കുന്നതിന് വേണ്ടി ഇരയായ നടിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പോലും എംഎല്‍എ മടി കാണിച്ചില്ല. പിസിക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

വനിതാ കമ്മീഷന്‍ നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാലിത് കൊണ്ടൊന്നും പിസി ജോര്‍ജ് മര്യാദ പഠിക്കുന്ന ലക്ഷണമില്ല. നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് പിസി ജോര്‍ജിന്റെ നിലപാട്. നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ താന്‍ ഭയപ്പെടുന്നില്ല എന്നാണ് പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരിക്കുന്നത്. നടി പരാതി നല്‍കിയതോടെ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു. പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ പേരാണ് പള്‍സര്‍ സുനി പറയുന്നതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു. ആക്രമണത്തിന് ഇരയായ നടി ആരെന്ന് തനിക്ക് അറിയില്ലെന്നും പിസി ജോര്‍ജ് പറയുന്നു. തനിക്ക് അറിയുന്നത് പോലീസ് പറഞ്ഞ ഇരയെ മാത്രമാണ്. ആക്രമിക്കപ്പെട്ട നടി ആരെന്ന് അറിയാതെ അവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് എങ്ങനെയാണെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

ഇര ആരെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നടിയെക്കുറിച്ച് പറയാമെന്നും പിസി ജോര്‍ജ് പറഞ്ഞു. സിനിമാ രംഗത്തുള്ള ആരെങ്കിലും നടിയെ ആക്രമിച്ചതിലുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരാമവധി ശിക്ഷ നല്‍കണം എന്നാണ് തന്റെ ആഗ്രഹമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഒരു നിരപരാധിയെ കുറ്റവാളിയാക്കിയതിന് എതിരെ പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ച് നാട് കടത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതിയെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പിസി ജോര്‍ജ് വെല്ലുവിളിച്ചു. പലകുറി തോറ്റവരെ അല്ല വനിതാ കമ്മീഷന്‍ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പിസി ജോര്‍ജ് ആക്ഷേപിച്ചു.