ജോസഫിനോട് പി സി ജോര്‍ജ് , ഒന്നുകില്‍ പശുവിനെ കറക്കൂ, അല്ലെങ്കില്‍ പടപൊരുതൂ

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പി ജെ ജോസഫിനോട് കെ എം മാണി ചെയ്തത് അനീതിയാണെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ സീറ്റ് കൊടുക്കുകയെന്നുള്ളത് മര്യാദയാണ്. അത് കൊടുക്കാതെയാണ് ഇപ്പോള്‍ സ്ഥിരം തോല്‍ക്കുന്ന ഒരു ആളെപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയ്ക്ക് വി എന്‍ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിലാണ് സ്ഥിരം തോല്‍ക്കുന്ന തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

പി ജെ ജോസഫിന് മുന്നില്‍ ഇനി രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം. അത് ജോസഫിനിഷ്ടമുള്ള തൊഴിലാണ്. അല്ലെങ്കില്‍ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യുക എന്നുള്ളതാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ജോസഫ് അനീതിക്കെതിരെ പോരാടിയാല്‍ പിന്തുണയ്ക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയം സീറ്റില്‍ മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ എം മാണി തീരുമാനിച്ചതോടെയാണ് കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. മാണിയുടെ തീരുമാനത്തില്‍ ജോസഫ് വിഭാഗം കടുത്ത അതൃപ്തിയിലാണ്. പ്രാദേശിക വികാരം പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.