വൈദികന്‍ പണം വാങ്ങി മൃതദേഹം ഇടവകമാറ്റി സംസ്‌കരിച്ചു

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. മറ്റൊരു ഇടവകയിലെ അംഗത്തിന്റെ മൃതദേഹം പാളയം പള്ളിയുടെ കീഴില്‍ വരുന്ന പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചതിനെ തുടര്‍ന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച്‌ കൂടിയിരിക്കുന്നത്.

വികാരി പണം വാങ്ങി മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയെന്നാണ് വിശ്വാസികള്‍ ഉന്നയിക്കുന്ന ആരോപണം. പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് 10 വര്‍ഷം മുമ്ബാണ് മരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം വെട്ടുകാട് പള്ളിയില്‍ സെല്ലാറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.മിഥുന്റെ മൃതദേഹം കഴിഞ്ഞയാഴ്ച പാറ്റൂര്‍പള്ളിയില്‍ സംസ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാളയം പള്ളിയില്‍ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചത്. പള്ളിക്കമ്മറ്റിക്കാര്‍ പണം സ്വീകരിച്ച്‌ സംസ്‌കാരത്തിന് അനുമതി നല്‍കിയെന്നാണ് വിശ്വാസികളുടെ ആരോപണം.

വികാരി പണം വാങ്ങി മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയെന്നും പണം നല്‍കിയാല്‍ വൈദീകന്‍ എന്തും ചെയ്യുമെന്നും വിശ്വാസികള്‍ ആരോപിച്ചു. ജില്ലാ കളക്ടറുടേയോ വിശ്വാസികളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് പള്ളി വികാരി ഈ തീരുമാനം എടുത്തതെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. പള്ളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചു. അതേസമയം, സഭാ നിയമത്തിന് അനുസരിച്ച്‌ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വികാരി പറഞ്ഞു.