മുഖക്കുരു ചികിൽസിക്കാൻ പുറത്തു പോകണം: ഇ-പാസിനായുള്ള അപേക്ഷ വൈറല്‍

കൊറോണയുടെ വ്യാപനം അതിതീവ്രമായ രാജ്യത്ത് ഏതു വിധേനയും കൊറോണയെ പിടിച്ചു കെട്ടാനുള്ള പരിശ്രമത്തിലാണ് ജനങ്ങളും സർക്കാരുകളും. രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറയ്ക്കുന്നതിനായി പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഇ-പാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പൊലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്. അതേസമയം നിസ്സാര കാര്യങ്ങൾക്കു പോലും ഇ-പാസിനു അപേക്ഷിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. അത്തരത്തിലൊരു അപേക്ഷയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മുഖക്കുരു ചികിത്സിക്കാന്‍ ആശുപത്രിയിലേക്ക് പോകണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. അപേക്ഷയുടെ പകര്‍പ്പ് പങ്കുവെച്ച്‌ ബിഹാറിലെ പര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ കുമാറാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വൈറലാവുകയായിരുന്നു. ലോക്ക്ഡൗണിൽ ഇ-പാസിനായി നിരവധി അപേക്ഷകള്‍
അവശ്യ കാരണങ്ങള്‍ക്കായി ലഭിച്ചതിനൊപ്പം ഇങ്ങനെ ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും അപേക്ഷകള്‍ കിട്ടിയെന്ന് അദ്ദേഹം കുറിച്ചു. നിങ്ങളുടെ മുഖക്കുരു ചികിത്സയ്ക്ക് അല്‍പ്പം കാത്തിരിക്കാനും രാഹുല്‍ ആവശ്യപ്പെട്ടു. സംഭവം വൈറലായതോടെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Loading...