ക്ലിഫ് ഹൗസില്‍നിന്ന് സരിതയെ പലരും വിളിച്ചു; തന്നെ കുടുക്കി ജയിലിട്ടു: സലിംരാജ്

തിരുവനന്തപുരം: സരിത എസ് നായരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന് പലരും ഫോണില്‍ വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സലിംരാജിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കേസില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി തന്നെ കോഴിക്കോട്ടുവച്ച് കേസില്‍ കുടുക്കി 28 ദിവസം ജയിലിലിട്ടതെന്നും സലിംരാജ് പറഞ്ഞു.

സരിത അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ തലേന്ന് സരിത ക്ലിഫ് ഹൗസിലേക്ക് വിളിച്ചപ്പോള്‍ താനാണ് എടുത്തതെന്നും ഒരു ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും സലിംരാജ് പറഞ്ഞു. എഴുകോണ്‍ സിഐയുടേതാണ് ഫോണ്‍ നമ്പരെന്ന് കണ്ടെത്തി. ക്ലിഫ് ഹൗസില്‍ ഫോണ്‍ രജിസ്റ്റര്‍ ഇല്ല. ക്ലിഫ് ഹൗസില്‍നിന്ന് ആരൊക്കെയാണ് ഫോണ്‍ വിളിക്കുന്നതെന്ന് എഴുതിവയ്ക്കാറില്ല.

Loading...

ക്ലിഫ് ഹൗസില്‍നിന്ന് പലരും സരിതയെ വിളിച്ചിട്ടുണ്ട്. അതേക്കുറിച്ച് പൊലീസ് ചോദിച്ചിട്ടുണ്ട്. ഒരുതവണ മാത്രമാണ് താന്‍ സരിതയെ വിളിച്ചത്. ബാക്കി ആരൊക്കെ വിളിച്ചുവെന്നത് അവശേഷിക്കുന്നു.സോളാര്‍ കേസുമായി ഒരു ബന്ധവുമില്ല. സരിതയുമായി സംസാരിച്ചിട്ടുണ്ട്. കടപ്ലാമറ്റത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് സരിതയെ പരിചയപ്പെട്ടത്. അന്ന് സരിത രണ്ട് ഡയറി തന്നു. പിന്നീട് കടപ്ലാമറ്റത്തുവച്ച് പരിചയപ്പെട്ട സരിത എന്നുപറഞ്ഞ് പല തവണ വിളിച്ചു. സോളാര്‍ കേസ് വഴിതെറ്റിക്കാനാണ് കടകംപള്ളി, കളമശേരി, കോഴിക്കോട് കേസുകളില്‍ തന്നെ പെടുത്തിയത്. താന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫംഗങ്ങളുടെ ഫോണാണ് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത്.

അതുപയോഗിച്ച് അദ്ദേഹം പലരെയും വിളിച്ചിട്ടുണ്ട്. ജോപ്പനും ജിക്കുമോനും താനുമെല്ലാം കുടുങ്ങിയത് അതുകൊണ്ടാണ്. സോളാര്‍ കേസില്‍ തനിക്ക് ഒരു പങ്കുമില്ല. സസ്പെന്‍ഷന്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരുവര്‍ഷമായിട്ടും തന്നെ തിരിച്ചെടുക്കുന്നില്ല. ഇതിനുപിന്നില്‍ രാഷ്ട്രീയമാണ്. കോഴിക്കോട്ട് തനിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് താല്‍പ്പര്യമില്ലായിരുന്നു. കുറേനേരം പൊലീസ് സ്റ്റേഷനില്‍ തങ്ങളെ നിര്‍ത്തി.

വൈകിട്ടായപ്പോള്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങിവച്ചു. മനഃപൂര്‍വം കേസെടുത്തതാണ്. ടി സിദ്ദിഖിനെ വിളിക്കാന്‍ പൊലീസുകാര്‍ പറഞ്ഞു. പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ല. കേസെടുപ്പിക്കുന്നതിനുപിന്നില്‍ ആരാണെന്ന് മനസ്സിലായില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു. പലരെയും രക്ഷിക്കാന്‍ തന്നെ ഇരയാക്കുകയായിരുന്നു- സലിംരാജ് പറഞ്ഞു.