പേരറിവാളനെ ചേർത്ത് നിർത്തി സ്റ്റാലിൻ; നന്ദി പറഞ്ഞ് പേരറിവാളൻ

രാജീവ്ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പേരറിവാളൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ടു. സ്റ്റാലിനെ കണ്ട് പേരറിവാളൻ നന്ദി അറിയിച്ചു. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്നും അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയാരുന്നു പേരറിവാളൻ എംകെ സ്റ്റാലിനെ കണ്ടത്.പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റേയും തമിഴ്നാടിന്റെയും ജയം എന്നായിരുന്നു എം കെ സ്റ്റാലിൻ്റെ പ്രതികരണം.

32 വർഷം ജയിലിൽ കഴിഞ്ഞ ശേഷമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം ലഭിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാ​ഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേ​ഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വിചാരണക്കോടതി മുതൽ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.

Loading...