കാസർകോട്∙ അഡ്വ. സി.കെ.ശ്രീധരൻ പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതിൽ ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്. സി.കെ.ശ്രീധരന് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും, അയാളെ പിണറായി വിജയന് വിലയ്ക്ക് വാങ്ങിയതാണെന്നും സത്യനാരായണന് ആരോപിക്കുന്നു. സി.കെ.ശ്രീധരന്റേത് നീചമായ നീക്കമാണ്. അയാൾ കൂടെനിന്ന് ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അയാൾ കേസ് ഏറ്റെടുക്കാനെന്നും പറഞ്ഞ് കേസിന്റെ ഫയലുകളൊക്കെ ഒരുമാസത്തോളം വാങ്ങിവെച്ച് പഠിച്ചതാണ്. പിന്നീട് കേസിന് സ്കോപ്പില്ല എന്ന് പറഞ്ഞ് അവ മടക്കി നല്‍കുകയും ചെയ്തു. പിന്നീട് അഭിഭാഷകനായ ടി ആസിഫലിയെ ഫയലുകള്‍ ഏല്‍പ്പിച്ചു. ഒപ്പം നിന്ന് കുട്ടികളുടെ ചടങ്ങിലെല്ലാം പങ്കെടുത്ത്, ഞങ്ങളെ ആശ്വസിപ്പിച്ച് വ്യക്തി ഇപ്പോള്‍ മറുകണ്ടം ചാടിയത്. ഞങ്ങളുടെ ഭാഗത്ത് നിന്ന് കേസിന്റെ ഫയലുകളൊക്കെ പഠിച്ച് വിചാരണ തുടങ്ങാന്‍ സമയം പാര്‍ട്ടി മാറി പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നെന്നും സത്യനാരായണന് പറഞ്ഞു.
ശ്രീധരൻ ഒന്നാം പ്രതി പീതാംബരന് ഉള്‍പ്പെടെ 9 പേര്‍ക്കായി ശ്രീധരന് കഴിഞ്ഞ ദിവസം കൊച്ചി സിബിഐ കോടതിയില്‍ ഹാജരായിരുന്നു. മുന്‍ കെപിസിസി വൈസ് പ്രസിഡന്റായ സി.കെ.ശ്രീധരന് അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. അതേസമയം, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് സിപിഎം അല്ല തന്നെ ഏല്‍പ്പിച്ചതെന്ന് അഡ്വ. സി.കെ.ശ്രീധരന് പ്രതികരിച്ചു.
പ്രതികളുടെ ബന്ധുക്കളാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്നും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസ് ഫയല്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 2019 ഫെബ്രുവരി 17നു രാത്രിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്.