പെരിയ ഇരട്ടക്കൊലക്കേസ്: എട്ടാം പ്രതിയുടെ ബൈക്ക് പോലീസ് സ്‌റ്റേഷനിൽ നിന്നും കാണാതായി

പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ബേക്കൽ പോലീസ് സ്‌റ്റേഷൻ കോംപൗണ്ടിൽ നിന്നും കാണാതായി. എട്ടാം പ്രതി സുബീഷിന്റെ വാഹനമാണ് കാണാതായത്. കൊലനടന്ന ദിവസം കേസിലെ എട്ടാം പ്രതിയും വെളുത്തോളി സ്വദേശിയുമായ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് സംഭവം. 2019 മെയ് 17ന് വെളുത്തോളിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട 17 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോടതിയിൽ അപേക്ഷ നൽകി ഫോറൻസിക് പരിശോധന നടത്താൻ സിബിഐ തയ്യാറെടുത്തിരിക്കെയാണ് ബൈക്ക് കാണാതാകുന്നത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എവിടെയോ വാഹനം ഉണ്ടായേക്കാമെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. ബൈക്ക് കണ്ടു പിടിക്കാൻ പോലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Loading...