യജമാനനെ അരുമകളായ പതിനെട്ട് വളര്‍ത്തുനായ്ക്കള്‍ തന്നെ തിന്നു തീര്‍ത്തു, ഞെട്ടൽ

ഏതാനും ദിവസമായി കാണാനില്ലായിരുന്ന 57കാരനെ ഒടുവിൽ അയാളുടെ തന്നെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് തിന്നുവെന്ന് പോലീസ് കണ്ടെത്തി. ടെക്സാസിനു സമീപം വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്കു താമസിച്ചിരുന്നു ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ കടിച്ചു കീറി തിന്നത്.

മാക്കിനെ കാണാനില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. വീടിന്റെ ചുറ്റുവട്ടത്തു നടത്തിയ തിരച്ചിലില്‍ മനുഷ്യൻ്റെ അസ്ഥിക്കഷ്ണങ്ങള്‍ ലഭിച്ചു, മാത്രമല്ല നായ്ക്കളുടെ വിസർജ്യത്തിൽ നിന്നും മനുഷ്യന്റെ തലമുടിയും ലഭിച്ചു.

മാക്കിനെക്കുറിച്ച് ആഴ്ചകളായി വിവരമൊന്നുമില്ലെന്നു മേയില്‍ ഒരു ബന്ധു വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഇയാള്‍ക്കൊപ്പം വല്ലപ്പോഴും കടയില്‍ പോകുമ്പോള്‍ മാത്രമാണു മാക്ക് വീടുവിട്ടിരുന്നത്. മാക്കിനെ തിരഞ്ഞ് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ആക്രമണകാരികളായ നായ്ക്കള്‍ അകത്തേക്കു കടക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. അവരെത്തിയപ്പോഴും നായ്ക്കള്‍ തടഞ്ഞു. അവയെ വിരട്ടിയോടിച്ചശേഷം ഡ്രോണ്‍ ഉപയോഗിച്ചാണ് ആദ്യം വീടും പരിസരവും നിരീക്ഷിച്ചത്. എന്നാല്‍ മാക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാക്കിനെ കാണാനില്ലെന്നു പ്രഖ്യാപിച്ച പൊലീസ് അയല്‍വാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. ഇയാളെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളുടെ സഹായം തേടി. സമീപത്തുള്ള ആശുപത്രികളിലും ജയിലുകളിലും പരിശോധന നടത്തി.

മേയ് 15-ന് സമീപത്തുള്ള പുരയിടത്തില്‍ നടത്തിയ തിരച്ചിലില്‍ ഒരു അസ്ഥിക്കഷ്ണം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് കൂടുതല്‍ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തി. ഇതിനു ശേഷമാണ് നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് തലമുടിയും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. മാക്ക് ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നായ്ക്കളെ പാര്‍പ്പിച്ചിരുന്ന ഭാഗത്തുനിന്ന് മാക്കിന്റെ ഷൂ കൂടി കണ്ടെത്തിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും ആ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്.

യജമാനനെ അരുമകളായ വളര്‍ത്തുനായ്ക്കള്‍ തന്നെ തിന്നു തീര്‍ത്തിരിക്കുന്നുവെന്ന്. തുടര്‍ന്നാണ് വിശദമായ വൈദ്യപരിശോധന നടത്തിയതും കണ്ടെത്തല്‍ സ്ഥിരീകരിച്ചതും. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച 13 നായ്ക്കളെ വെടിവച്ചു കൊന്നു. രണ്ടെണ്ണത്തിനെ മറ്റു നായ്ക്കള്‍ വകവരുത്തി. മൂന്നു നായ്ക്കള്‍ വീട്ടില്‍ തന്നെയുണ്ടെന്നു പൊലീസ് പറഞ്ഞു. മരിച്ച യജമാനന്മാരെ നായ്ക്കള്‍ ആഹാരമാക്കിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൂര്‍ണമായി തിന്ന സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.