ഇന്ധന വില വർദ്ധനവ് സാധാരണക്കാരെ ബാധിച്ചിട്ടില്ല: എല്ലാം പാവങ്ങള്‍ക്ക് വേണ്ടി: കേന്ദ്രപെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡെൽഹി: ഇന്ധന വില സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ, ഡീസൽ വിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം കേന്ദ്രസർക്കാർ ദരിദ്രർക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അല്ലാതെ ഏതെങ്കിലും മരുമകനോ രാജീവ് ഗാന്ധി ഫൌണ്ടേഷന് വേണ്ടിയോ അല്ലെന്നും ബി.ജെ.പി നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണിൽ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ ആവശ്യത്തിന് 70 ശതമാനം കുറവുണ്ടായിരുന്നെന്നും എന്നാൽ സാമ്പത്തിക മേഖല വീണ്ടും ഉണർന്നതോടെ ആവശ്യം സാധാരണപോലെ ആയെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പെട്രോൾ- ഡീസൽ വില വർധനവിനെതിരെയുള്ള പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Loading...

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം 22 തവണ ഇന്ധനവില കൂട്ടിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധി, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇന്ധനവില വർധനവ് ഉടൻ പിൻവലിക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്. നികുതിയിലൂടെ ലഭിക്കുന്ന പണം ആരോഗ്യം, തൊഴിൽ, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നത്. 170000 കോടി വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവർക്കും കർഷകർക്കും നൽകി. ആറ് മാസം സൗജന്യ റേഷൻ നൽകുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.