പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 50 ആയി

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയിരിക്കുകയാണ്. തുടര്‍ച്ചയായി അഞ്ചാം ദിനവും ഇപ്പോള്‍ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥയെയും പ്രതികൂല സാഹചര്യങ്ങളേയും മറികടന്ന് ദുരന്ത ഭൂമിയില്‍ തെരച്ചില്‍ തുടരുന്ന രക്ഷാ പ്രവര്‍ത്തകര്‍ പുഴയില്‍ നിന്നാണ് മൃതദേഹം ഇപ്പോള്‍ വീണ്ടെടുത്തത്. ഇനി 20 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.ഇനി കണ്ടെത്താനുള്ളതിലേറെയും കുട്ടികളെ തന്നെയാണ്.

കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെയാണ് തെരച്ചില്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം.അതേസമയം തിരച്ചില്‍ ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇടുക്കി കോട്ടയം ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരുന്നുണ്ട്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഇനി എങ്ങനെയാണ് രക്ഷാ പ്രവര്‍ത്തനം തുടരേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുക. പതിനഞ്ച് കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.

Loading...