മലപ്പുറം: പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയ്ക്കിടെ വിലാസം മാറി ജപ്തി ചെയ്തെന്ന് പരാതി. മലപ്പുറം പുത്തനങ്ങാടിയിലെ കുടുംബമാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. മേല്‍വിലാസത്തിലെ സാമ്യമാണ് വിനയായത്. അലി, സലാം എന്നിവരാണ് പരാതിക്കാര്‍. പി.എഫ.ഐയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇവര്‍ പറയുന്നത്.
പരാതിക്കാർ വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിച്ചവരാണ്. ഇരുവരും വിദേശത്തായിരുന്ന സമയത്താണ് ഹര്‍ത്താല്‍ നടന്നത്. ഒരാളുടെ നാല് സെന്റും മറ്റൊരാളുടെ 30 സെന്റ് ഭൂമിയിലുമാണ് ഉദ്യോഗസ്ഥര്‍ ജപ്തി സംബന്ധമായ നോട്ടീസ് പതിച്ചിരിക്കുന്നത്. ഇവരുടെ കുടുംബത്തില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായിട്ടുള്ള രണ്ട് പേരുണ്ട്. ഇവരുടെയും പരാതിക്കാരുടെയും പേരുകളിലും വിലാസത്തിലുമുള്ള സാമ്യമാണ് പ്രശ്നത്തിന് വഴിവെച്ചത്.
ഉദ്യോഗസ്ഥര്‍ ആധാരവും, സര്‍വേ നമ്പറും പരിശോധിച്ചാണ് ജപ്തി നടപടിയുമായി മുന്നോട്ട് പോയത്. പരാതിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും കോടതിയില്‍ നിന്നുമുള്ള രേഖകളായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് വഴികളില്ലായിരുന്നു. സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സിവില്‍ കേസ് ആയതിനാല്‍ കളക്ടര്‍ക്ക് പരാതി നല്കാൻ നിർദ്ദേശിക്കുകയായിരുന്നു.