ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് അവകാശവാദം

വാഷിങ്ടൺ: മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നും രോഗം ഗുരുതരമായവർക്കും പ്രായമായവരിലും വാക്‌സിൻ വിജയമാണെന്നും കമ്പനിയുടെ അവകാശവാദം. കൊവിഡ് വാക്‌സിൻ പരീക്ഷണം തുടരുകയാണെന്നും ഇടക്കാല പഠന റിപ്പോർട്ടിൽ തന്നെ 95 ശതമാനം ഫലപ്രദമാണെന്നും കമ്പനി വിശദീകരിച്ചു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുഎസ് സർക്കാറിനെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച വിശദ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാൽ പരീക്ഷിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും കമ്പനി അറിയിച്ചു.

കൊവിഡ് വാക്‌സിൻ വികസപ്പിച്ചെന്ന് അറിയിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തിയെപ്പറ്റി കമ്പനി വിശദീകരിക്കുന്നത്. അന്തിമ പരീക്ഷണത്തിലും വിജയമാണെന്ന് കമ്പനി അവകാശപ്പെട്ടു. നേരത്തെ മോഡേണ വികസിപ്പിച്ച വാക്‌സിനും 94.5 ശതമാനം ഫലപ്രദമാണെന്ന് അവകാശവാദമുന്നയിച്ചിരുന്നു. ജർമ്മൻ കമ്പനിയായ ബയോൺടെകുമായി ചേർന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിച്ചത്.

Loading...

നേരത്തെ 94 പേരിൽ നടത്തിയ പഠനത്തിൽ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്നായിരുന്നു അവകാശവാദം. ഇപ്പോൾ 170 പേരിലാണ് പഠനം നടത്തിയത്. അതേസമയം വിശദ പഠന റിപ്പോർട്ട് പുറത്തുവിടുകയോ സ്വതന്ത്ര വിദഗ്ധർ പരിശോധിക്കുകയോ ചെയ്തിട്ടില്ല. കൊവിഡ് രോഗം ഗുരുതരമായവരിലും വാക്‌സിൻ ഫലപ്രദമാണന്നും65 വയസ്സിന് മുകളിലുള്ളവരിൽ 94 ശതമാനമാണ് ഫലപ്രാപ്തിയെന്നും കമ്പനി അവകാശപ്പെട്ടു.