കനത്ത ചൂട്; തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ 40 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

ഫീനിക്‌സ്: തെക്കുപടിഞ്ഞാറന്‍ അമേരിക്കയില്‍ താപനില 53 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍.പലയിടത്തും താപനില അപകടകരമായ തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കരുതലെടുക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. 40 വിമാന സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കിയിട്ടുള്ളത്.അരിസോണ,നെവാഡ, ഡെത്ത്‌വാലി, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെല്ലാം കടുത്ത ചൂട് അനുഭവപ്പെടുകയാണ്. ചൊവ്വാഴ്ച ലാസ്‌വേഗാസില്‍ 47 ഡിഗ്രി ആയിരുന്നു ചൂട്. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലവസ്ഥാ പ്രവചനം. 20 വര്‍ഷത്തിനിടയില്‍ മരുഭൂമി നഗരത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂടായിരിക്കും ഇതെന്നും ഇവര്‍ പറയുന്നു. ചൂട് അതിന്റെ പാരമ്യത്തിലേക്ക് ഉയര്‍ന്നതോടെ സര്‍വ്വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മറ്റു വിമാനങ്ങളിലേക്ക് ഫീസ് ഇല്ലാതെ തന്നെ മാറാന്‍ യാത്രക്കാര്‍ അവസരം ഒരുക്കാമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് ഫീനിക്‌സിലെ യാത്രക്കാര്‍ ഉറപ്പ് നല്‍കി. താപനില 47 ഡിഗ്രിയിലേക്ക് ഉയര്‍ന്നാല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.2016 ല്‍ ചൂടിനെ തുടര്‍ന്ന് 130 പേര്‍ മരിച്ച സ്ഥലമാണ് ഫീനിക്‌സ്. ചൂടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് എല്ലാവര്‍ഷവും അരിസോണയിലെ അത്യാഹിത വിഭാഗത്തില്‍ 2000 ലധികം ആള്‍ക്കാര്‍ ചികിത്സ തേടിയെത്തുന്നതായും പറയുന്നു.