അടിമാലി. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി ചിത്രം സഹ പ്രവര്ത്തകന് മൊബൈലില്‍ സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. 3 പേരെ അറസ്റ്റ് ചെയ്തു. മച്ചിപ്ലാവ് ചാറ്റുപാറ വരകുകാലായില്‍ അനുരാഗ് (27), വാളറ സ്വദേശികളായ മുടവംമറ്റത്തില്‍ രഞ്ജിത് (31), കാട്ടാറുകുടിയില്‍ അരുണ്‍ (28) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
2 പേര് ഓടി രക്ഷപ്പെട്ടു. പ്രതികളില്‍ നിന്ന് ഇരുമ്പു വാള്, പൈപ്പ്, ബേസ് ബോള്‍ ബാറ്റ്, കേബിള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ അനുരാഗിന്റെ സഹോദരന്റെ സുഹൃത്താണ് പെണ്‍കുട്ടി. പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം സ്റ്റാറ്റസ് ആക്കിയ അഭിഷേകിനെ ഫോണില്‍ വിളിച്ച് അനുരാഗ് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരമായ ഭീഷണി ഉണ്ടായതോടെ അഭിഷേക് തന്റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു.
അനുരാഗുമായി വിശ്വജിത് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ ചൊവ്വാഴ്ച രാത്രി ഏഴരയോടെ അനുരാഗും സംഘവും കാറില്‍ മാരകായുധങ്ങളുമായി എത്തി ടൗണില്‍ വച്ച് വിശ്വജിത്തിനെ ആക്രമിച്ചു. വിവരം അറിഞ്ഞെത്തിയ എസ്ഐ മാരായ കെ.എം. സന്തോഷ്, പ്രശോബ്, എസ് സിപിഒ ജിബി, പി.എസ്. ദിപു എന്നിവരുടെ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.