മദ്യപിച്ച് ജോലിക്കെത്തിയ രണ്ട് പൈലറ്റുമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: മദ്യപിച്ച് ജോലിക്കെത്തിയ രണ്ട് പൈലറ്റുമാർക്ക് സസ്‌പെൻഷൻ. ജെറ്റ് എയർവേയ്‌സിന്റെയും എയർ ഇന്ത്യയുടേയും പൈലറ്റുമാരെയാണ് നാല് വർഷത്തേക്ക് ഡി.ജി.സി.എ (ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ) സസ്‌പെന്റ് ചെയ്‌തത്. എയർ ഇന്ത്യ വിമാനത്തിലെ ഒരു കാബിൻ ക്രൂ അംഗത്തേയും ഒരു വർഷത്തേയ്ക്ക് സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇരുവർക്കുമെതിരെ കേസെടുക്കാനായി പരാതി നൽകാൻ ജെറ്റ് എയർവേയ്‌സിനോടും എയർ ഇന്ത്യയോടും ഡി.ജി.സി.എ ആവശ്യപ്പെട്ടു. മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിട്ടതായി ജെറ്റ് എയർവേയ്‌സ് വക്താവ് അറിയിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല. വ്യോമയാന ചട്ടങ്ങൾ ലംഘിക്കുന്നവരോടും യാത്രക്കാരുടെ സുരക്ഷയെ അപായപ്പെടുത്തും വിധം ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറുന്നവരോടും യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്ന് ജെറ്റ് എയർവേയ്‌സ് വ്യക്തമാക്കി.

വിമാനം പുറപ്പെടുന്നതിന് മുമ്പും എത്തിയതിന് ശേഷവും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നത് സാധാരണയാണ്. എന്നാൽ വളരെ അപൂർവമായേ ഇത്തരത്തിൽ മദ്യപിച്ചതായി കണ്ടെത്തിയ സംഭവങ്ങളുണ്ടായിട്ടുള്ളൂ. ഈ രണ്ട് പൈലറ്റുമാരും നേരത്തേയും ആൽക്കഹോൾ പരിശോധനയിൽ പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത് വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനക്കിടെയായിരുന്നു എന്ന് മാത്രം. ഈ മാസം മൂന്നിനും 10നുമാണ് ഇരു പൈലറ്റുമാരും പിടിക്കപ്പെട്ടത്. ആഗസ്റ്റ് മൂന്നിന് അബു ദാബി – ചെന്നൈ വിമാനത്തിന്റെ പൈലറ്റും 10ന് ഷാർജ – കോഴിക്കോട് വിമാനത്തിന്റെ പൈലറ്റുമാണ് മദ്യപിച്ചതായി തെളിഞ്ഞത്.

Loading...