ജലീൽ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചിട്ടില്ല: പിന്നെയും എന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്ന സുരേഷ് മന്ത്രി കെ ടി ജലീലിനെ ഫോണിൽ വിളിച്ചത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി. ജലീൽ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചിട്ടില്ല. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ് സംശയം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കിയിരുന്നു. 2020 മെയ് 27ന് യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ സന്ദേശം ലഭിച്ചു. റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കാനും ജനറൽ പറഞ്ഞു. മെസേജിന് മറുപടിയായി കൺസ്യൂമർഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് പറഞ്ഞതായും മന്ത്രി. ഓഫീസ് ജീവനക്കാരിയായ സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടുമെന്നാണ് ജനറൽ പറഞ്ഞത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് കൈവശമുണ്ടെന്നും കെടി ജലീൽ പറഞ്ഞു.

Loading...

വസ്തുതാപരമായ വീഴ്ചകൾ ശിവശങ്കറിന്റെ ഭാഗത്ത് ഉണ്ടെന്നു വന്നാൽ അപ്പോൾ നടപടിയെടുക്കും. ഇപ്പോൾ അന്വേഷണം നടക്കട്ടെ. ഫോണിലുള്ള ബന്ധപ്പെടലിനെ പറ്റി സി എ സി ന്റെ നേതൃത്വത്തിലുള്ള സമിതി തന്നെ അന്വേഷിക്കും.സ്വപ്നയ്ക്കതിരായ ഇൻറലിജൻസ് റിപ്പോർട്ടിനെ പറ്റിയുള്ള വാർത്ത മറ്റൊരു കഥ മാത്രമാണ്. നിങ്ങള് പറയുന്ന കഥയിൽ വസ്തുതയുണ്ടെങ്കിൽ അത് കൊണ്ടു വരൂ. ഒരാളെ സസ്പെൻഡ് ചെയ്യാൻ വസ്തുത വേണം. അങ്ങനെ വസ്തുത ഉണ്ടായിട്ടില്ല. നാളെ ഉണ്ടായാൽ അപ്പോൾ പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.