മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാല്‍ 2000 രൂപ പിഴ ഈടാക്കും: മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയാറാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാൽ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം ജില്ലയിലെ കരമനയിൽ കണ്ടെയ്ൻമെന്റ് സോണുകൾ സ്വയം നിശ്ചയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജനം മുൻകൈ എടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാതൃക ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും.

കൊവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് പൊലീസ് നടത്തുന്ന കോണ്ടാക്ട് ട്രെയ്‌സിംഗ് പൊതുജനങ്ങൾ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. കോണ്ടാക്ട് ട്രെയ്‌സിംഗ്, കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തൽ എന്നീ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യാനും തീരുമാനമായി. രോഗവ്യാപനം വർധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കൂടുതൽ കർശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി എസ്. സുരേന്ദ്രൻ എന്നിവർ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികൾ ഏകോപിപ്പിക്കും.

Loading...

അതേസമയം കണ്ണൂരിൽ കഴിഞ്ഞ ശനിയാഴ്ച മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോളയാട് സ്വദേശി മരാടി കുംഭയ്ക്കാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ച അവശനിലയിൽ ആയതിനെ തുടർന്നാണ് കുംഭയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അവശനിലയിലായത്.