വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം : ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘മിന്നല്‍ മുരളി’ സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. അടുത്തകാലത്തായി ചില വര്‍ഗീയ ശക്തികള്‍ സിനിമയെ കടന്നാക്രമിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ചിലയിടത്ത് ഷൂട്ടിങ് തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. പ്രദര്‍ശനം തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഒരു വിഭാഗം വര്‍ഗീയ ശക്തികളാണ് ഇതിന് പിന്നില്‍.

വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നത്. അത് ജനങ്ങളോട് രാജ്യമോ അംഗീകരിച്ചിട്ടില്ല. അതിനെതിരെയുള്ള പൊതുവികാരമാണ് എപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കിയ സെറ്റാണ് ബജ്രംഗ് ദള്‍ പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്യണപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏത് മതവികാരമാണ് വ്യണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Loading...

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സിനിമാ സെറ്റ് അഖില ഹിന്ദു പരിഷത്തിൻ്റെ പ്രവർത്തകരാണ് പൊളിച്ചുമാറ്റിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റാണ് പൊളിച്ചത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാർച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്.