‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ’: ഇതിനേക്കാൾ വലിയ പലതും ഞാൻ കണ്ടിട്ടുണ്ട്: സ്വർണക്കടത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി. രാജ്യത്തെ വിമാനത്താവളങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കൃത്യതയോടെ ആകാനുള്ള സംവിധാനങ്ങൾ കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. അതിൽ അപാകതകൾ വന്നാൽ കേന്ദ്രസർക്കാർ ഇടപെടും. ഇവിടത്തെ സംസ്ഥാനസർക്കാരിന് അതിൽ ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പല കാലങ്ങളിലായി വിവിധ തരത്തിലുള്ള കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് തടയാൻ വിപുലമായ തോതിൽ കസ്റ്റംസിനെ വിന്യസിച്ചിട്ടുള്ളത്. അവർ വിപുലമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഇത് വെട്ടിച്ചും ചില ഘട്ടത്തിൽ കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് സംസ്ഥാനസർക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നു? കള്ളക്കടത്ത് തടയാൻ നിയോഗിക്കപ്പെട്ട കസ്റ്റംസുണ്ട്.

Loading...

ഈ പാർസൽ സംസ്ഥാന ഏജൻസിക്കാണോ വന്നത്? ഇവിടെ എല്ലാവർക്കും അറിയാവുന്ന വസ്തുത, അത് അഡ്രസ് ചെയ്തത് യുഎഇ കോൺസുലേറ്റിലേക്കാണ്. യുഎഇ കോൺസുലേറ്റ് അധികാരപത്രം ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയത്. ഇതിൽ സംസ്ഥാനത്തിന് മറുപടി നൽകാനാകുമോ? ഇതിൽ നിങ്ങളെപ്പോലത്തെ അറിവേ സംസ്ഥാനസർക്കാരിനുമുള്ളൂ. സർക്കാരിന്‍റെ ഏത് റോളാണ് ഇതിൽ വരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പുമുണ്ടായിട്ടില്ല. കേരളസർക്കാർ ഏജൻസിക്ക് വേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. കേരളസർക്കാരിന് ഇതിൽ ഉത്തരവാദിത്തമില്ല. സ്വർണക്കടത്ത് നടന്നെന്നതും കസ്റ്റംസ് കണ്ടെത്തി എന്നതും ആരാണ് ഇതിന് പിന്നിൽ എന്നത് കണ്ടെത്തണം എന്നതും ശരി. ഇതിൽ സർക്കാരിന് ഉത്തരവാദിത്തമില്ല. ഇത്തരം ആളുകളെ സംരക്ഷിക്കാൻ കേരളസർക്കാർ ഒരു നിലപാടും എടുക്കില്ല. ഒരു കുറ്റവാളിയെയും അതാരായാലും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. അതിനാലാണ് ഇന്നലെത്തന്നെ പറഞ്ഞത് കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്ന്.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഒരു മാന്യദേഹം പറഞ്ഞത് നിങ്ങൾ ആവർത്തിച്ചല്ലോ. ഏത് തരത്തിൽ ആളെ വികൃതമായി ചിത്രീകരിക്കാമെന്ന് കരുതുന്നവർ മാധ്യമരംഗത്തുണ്ടല്ലോ. ഉന്നയിച്ച കാര്യത്തിൽ മെറിറ്റുണ്ടോ ദുരുദ്ദേശമുണ്ടോ എന്നൊന്നും പരിശോധിക്കില്ല, മുഖ്യമന്ത്രിയുടെ ഓഫീസാണല്ലോ ഇരിക്കട്ടെ എന്നാണ് ഉദ്ദേശം. പൊതുസമൂഹത്തിൽ തെറ്റായ ചിത്രം ഉയർത്തിക്കാട്ടാനാണ് ശ്രമം. ഇതൊന്നും എനിക്ക് പുതിയതല്ല. അതിനാൽ ഇതിൽ വേവലാതിയുമില്ല. ഇതിനേക്കാൾ വലിയ പലതും ഞാൻ കണ്ടിട്ടുണ്ട്. ഞാനിന്നലെ പറഞ്ഞത് എന്താ? നാക്കിന് ശക്തിയുണ്ടെന്ന് വച്ച് എന്തും വിളിച്ച് പറയരുത് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് പറഞ്ഞില്ലേ? ഇത് സർക്കാർ സ്വാധീനം മൂലമാണോ? അതോടെ ആ കെട്ടുകഥകളെല്ലാം പൊളിഞ്ഞില്ലേ? നുണക്കഥകൾക്ക് അത്രയേ ആയുസ്സുള്ളൂ.