പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പിണറായി

തൃശൂര്‍: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്‍മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെ തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ ബാധകമല്ല എന്ന് തന്നെയാണ് പറയാനുള്ളത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കണ്ട. നിയമത്തിന്റെ ബലം വച്ച്‌ എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ല എന്ന് മാത്രമേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് അത് ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. നമ്മുടെ പൂര്‍വികര്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് വിഭജിച്ച്‌ നിറുത്താനാണ് ശ്രമം. അത്തരം ഇടപെടലുകളെ ചെറുക്കണം. രാജ്യത്തെ മുഴുവന്‍ ശക്തികളും ഇതിനെതിരെ പോരാടണം. സ്വതന്ത്രമായും നിര്‍ഭയമായും മാദ്ധ്യമപ്രവര്‍ത്തനം നടത്താനുളള അവസരമില്ലാതായിട്ടുണ്ട്. കോര്‍പറേറ്റ് മൂലധനം ഈ മേഖലയെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വലിയ ആപത്താണ്. പ്രതിസന്ധിയിലായ മാദ്ധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് ന്യായമായ എല്ലാ സഹായങ്ങളും നല്‍കും. മാദ്ധ്യമപ്രവര്‍ത്തകരുടെ ജീവിതവും സര്‍വീസും ഭദ്രമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, മുരളി പെരുനെല്ലി എം.എല്‍.എ, മേയര്‍ അജിത വിജയന്‍, തേറമ്ബില്‍ രാമകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ സ്വാഗതം പറഞ്ഞു.