ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല, സെന്‍സസില്‍ സഹകരിക്കും; സര്‍ക്കാര്‍

തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്റവും പൗര രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളാ സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ഇക്കാര്യം സെന്‍സസ് ഡയറക്ടര്‍മാരെ അറിയിക്കും. അതേസമയം സെന്‍സസില്‍ ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെ പുതിയതായി ഉള്‍പ്പെടുത്തിയ രണ്ടു ചോദ്യങ്ങള്‍ ഒഴിവാക്കും.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തനെതിരെ നിയമസഭ പ്രമേയം പാസാക്കുകയും പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ നടപ്പിലാക്കില്ലെന്ന് മന്ത്രിസഭാ തീരുമാനിച്ചത്.

Loading...

ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സെന്‍സസും നിര്‍ത്തിവച്ചിരുന്നു. സെന്‍സസ് എടുക്കുന്നത് എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായാണ് കണക്കാക്കിയിരുന്നത്. ഇത് സാധുത ചെയ്യുന്ന രീതിയില്‍ മുന്‍പെങ്ങും പതിവില്ലാത്ത ജനനതീയതിയും മാതാപിതാക്കളുടെ വിവരങ്ങളും സെന്‍സസ് ഫോമില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത് ചോദിയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് മന്ത്രിസഭാ തീരുമാനം.

അതേ സമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അവകാശപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സിബല്‍ വ്യക്തമാക്കി.

‘സിഎഎ പാസാക്കിയാല്‍ ഒരു സംസ്ഥാനത്തിനും ‘ഞങ്ങള്‍ ഇത് നടപ്പാക്കില്ല’ എന്ന് പറയാന്‍ കഴിയില്ല. ഇത് നടപ്പുള്ള കാര്യവുമല്ല, ഭരണഘടനാവിരുദ്ധവുമാണ്. ഇതിനെ എതിര്‍ക്കാം, നിയമസഭയില്‍ പ്രമേയം പാസാക്കാം, കേന്ദ്രത്തോട് ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെടാം’, കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു.

‘ഭരണഘടന അനുസരിച്ച്‌ നോക്കിയാല്‍ ഞങ്ങള്‍ നടപ്പാക്കില്ലെന്ന് പറയുന്നത് പ്രശ്‌നം തന്നെയാണ്. ഇത് കൂടുതല്‍ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക’, മുന്‍ കേന്ദ്ര നിയമ, നീതിന്യായ മന്ത്രി കൂടിയായ കപില്‍ സിബല്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വ്യക്തമാക്കി.

ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നീ മൂല്യങ്ങളുടെ ലംഘനമാണെന്ന് കാണിച്ച്‌ കേരള സര്‍ക്കാര്‍ സിഎഎയ്ക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമത്തെ വെല്ലുവിളിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഒപ്പം നിയമത്തിന് എതിരായി കേരള നിയമസഭ പ്രമേയവും പാസാക്കി. കേരളത്തിന്റെ പാത പിന്തുടര്‍ന്ന് പഞ്ചാബ് നിയമസഭയും സിഎഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.

കേരളത്തിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് സിഎഎയ്ക്ക് എതിരായി ശബ്ദം ഉയര്‍ത്തിയത്. ഇതിന് പുറമെ ദേശീയ പൗരത്വ രജിസ്റ്ററും, ദേശീയ ജനസംഖ്യാ രജിസ്റ്ററും പോലും അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ‘എന്‍ആര്‍സി, എന്‍പിആര്‍ അടിസ്ഥാനമാക്കിയുള്ളതാണ്. എന്‍പിആര്‍ പ്രാദേശിക രജിസ്ട്രാറാണ് നടപ്പാക്കുന്നത്. സംസ്ഥാന തല ഉദ്യോഗസ്ഥരെ ഇന്ത്യന്‍ യൂണിയനുമായി സഹകരിപ്പിക്കില്ലെന്നാണ് ഈ സംസ്ഥാനങ്ങള്‍ പറയുന്നത്. പ്രായോഗിക തലത്തില്‍ ഇത് നടക്കുമോ ഇല്ലയോ എന്ന് സംശയമുണ്ട്. ഭരണഘടന അനുസരിച്ച്‌ ഇത് ബുദ്ധിമുട്ടാണ്, പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പറയാന്‍ കഴിയില്ല’, സീനിയര്‍ അഭിഭാഷകന്‍ കൂടിയായ കപില്‍ സിബല്‍ വിശദീകരിച്ചു.