പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവര്‍ത്തിച്ചു. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്‍മാരും അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കേണ്ട. നിയമത്തിന്റെ ബലം വെച്ച് എന്തുംകാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല എന്നുമാത്രമേ പറയാനുള്ളു. നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ് മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...

നേരത്തെയും പൗരത്വ ഭേദഗതിക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഭരണഘടന വിരുദ്ധമായ കാര്യങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതരത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്‌ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബില്‍ പാസാക്കിയതിനു പിന്നില്‍ സംഘപരിവാര്‍ മുഷ്‌ക് ആണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാര്‍ലമെന്റില്‍പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബില്ലെന്നും, ഇത് മതനിരപേക്ഷത എന്ന സങ്കല്‍പ്പത്തെ തന്നെ നിഷേധിക്കുന്നതാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. . ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പന്നമാണ് ഈ കരിനിയമ നിര്‍മ്മാണമെന്നും പിണറായി പറഞ്ഞു.

അനുകൂലിച്ചും പ്രതികൂലിച്ചും അതിശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ബില്‍ രാജ്യസഭ കടന്നത്. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചിരുന്നു. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

ദേശീയ പൗരത്വ നിയമം നിലവില്‍ വന്നതിനെതിരെ രാജ്യം ഒന്നാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോള്‍ഗ്രസും ബിജെപി സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം വന്നത് മുതല്‍ കോണ്‍ഗ്രസിന് വയറു വേദന ആണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

രാജ്യത്തെ ഒരു വിഭാഗത്തെ പോലും ഈ ബില്‍ ബാധിക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംസ്‌കാരം, ഭാഷ, സാമൂഹിക കാര്യങ്ങള്‍, രാഷ്ട്രീയാവകാശങ്ങള്‍ എന്നിവയെ ഈ ബില്‍ ഒരിക്കലും ബാധിക്കില്ല. എന്നാല്‍ നിയമം വന്നത് മുതല്‍ കോണ്‍ഗ്രസിന് വയറുവേദനയാണെന്നും, ആ രീതിയിലുള്ള പെരുമാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും അമിത് ഷാ പരിഹസിച്ചു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

വടക്കുകിഴക്കന്‍ മേഖലയിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പൗരത്വ ബില്ലിന്റെ പേരില്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണ.് അവര്‍ നിയമം കാരണം വയറുവേദന ഉണ്ടായെന്നും അമിത് ഷാ പറഞ്ഞു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ തന്നെ ഈ വിഷയത്തില്‍ കണ്ടിരുന്നു. അദ്ദേഹത്തിന് ഞാന്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.