പൗരത്വ ഭേദഗതി ബിൽ കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസായ സാഹചര്യത്തിൽ പ്രതികരണവും ആയി മുഖ്യ മന്ത്രി പിണറായി വിജയൻ. ഭരണഘടന വിരുദ്ധമായ കാര്യങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇതുസംബന്ധിച്ച് കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതരത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്‌ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Loading...

ബില്‍ പാസാക്കിയതിനു പിന്നില്‍ സംഘപരിവാര്‍ മുഷ്‌ക് ആണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാര്‍ലമെന്റില്‍പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബില്ലെന്നും, ഇത് മതനിരപേക്ഷത എന്ന സങ്കല്‍പ്പത്തെ തന്നെ നിഷേധിക്കുന്നതാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. . ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പന്നമാണ് ഈ കരിനിയമ നിര്‍മ്മാണമെന്നും പിണറായി പറഞ്ഞു.

അനുകൂലിച്ചും പ്രതികൂലിച്ചും അതിശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ബില്‍ രാജ്യസഭ കടന്നത്. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചിരുന്നു. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

നേരത്തെ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

അതേസമയം പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ വിളിച്ചു. അസമിലും പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ സൈനിക വിന്യാസമാണ് ഇവിടങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീരില്‍നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരുള്‍പ്പെടെ സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ വ്യോമമാര്‍ഗം എത്തിച്ചത്. പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.

പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അസമിലെ ദിസ്പുര്‍, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോര്‍ഘട്ട് എന്നിവിടങ്ങളില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയില്‍ പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്.എം.എസ് സേവനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ – കോളേജ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്.