തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വികസനത്തെ എതിർക്കുന്നവർക്കുള്ള മറുപടി; മുഖ്യമന്ത്രി

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വികസനത്തെ എതിർക്കുന്നവർക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും സീറ്റുകൾ ആവശ്യമില്ലെന്ന് ജനം കരുതിയെന്നും അദ്ദേഹം പരിഹസിച്ചു.

ചിലർ ബോധപൂർവം വികസന പദ്ധതികൾ വൈകിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇത് തടയാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ മേഖലയിൽ സംവരണം വേണമെന്നത് കാലോചിതമായ ആവശ്യമാണെന്നും പറഞ്ഞു.ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് സർക്കാരിനെതിരാക്കുന്ന ചില ശക്തികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ശക്തികളെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുൻകൂട്ടി തിരിച്ചറിയണം. സാമ്പത്തിക തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണം. ഉടനടി വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളും വ്യാപകമാണ്. ഇത് തടയാനാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...