കെ ടി ജലീലിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി; താൻ‌ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീൽ

തിരുവനന്തപുരം: കെ ടി ജലീലിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി. എആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയായിരുന്നു മുഖ്യമന്ത്രി കെ ടി ജലീലിനെ വിളിച്ചു വരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച ഉണ്ടായിരുന്നത്. അതേസമയം പ്രസ്താവന നടത്തുമ്പോൾ ജാ​ഗ്രത വേണമെന്നാമ് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞിരിക്കുന്നത്. ഇഡി അന്വേഷണം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസിൽ താനല്ല പരാതിക്കാരനെന്നുമാണ് ജലീൽ പറഞ്ഞത്. പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെവ്യക്തമാക്കുകയും ചെയ്തു. കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. ലീഗ് നേതാക്കൾക്ക് എന്തും ആശിക്കാം. ഏആർ നഗർ പൂരത്തിൻറെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം ചന്ദ്രികയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ തെളിവുകൾ കൈമാറാൻ ജലീൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നത്. കേസിൽ ഏഴ് തെളിവുകൾ നൽകുമെന്നും ജലീൽ പറഞ്ഞു. ജലീലിൻറെ ഇഡി അനുകൂല നിലപാടിൽ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. ജലീൽ ഏറ്റെടുത്ത് ഉന്നയിച്ചത് എആർ നഗർ ബാങ്കിലെ സഹകരണ വകുപ്പിൻറെ ആഭ്യന്തര പരിശോധനാ റിപ്പോർട്ടാണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം. കേന്ദ്ര ഏജൻസികൾക്ക് എതിരെ പാർട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിൻറെ നീക്കങ്ങൾ ശരിയായില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ പരിഹാസം.

Loading...